2021നുള്ളിൽ ഒറ്റത്തവണ ചാർജ് ചെയ്താൽ 500 കിലോമീറ്റർ ഓടാൻ കഴിവുള്ള വൈദ്യുത വാഹനം പുറത്തിറക്കുമെന്ന പ്രഖ്യാപനവുമായി കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ കമ്പനി രംഗത്ത്. ബാറ്ററിയിൽ ഓടുന്ന എട്ട് കാറുകൾക്കും രണ്ട് ഇന്ധന സെൽ വാഹനങ്ങൾക്കും പുറമെ മൂന്നു പ്ലഗ് ഇൻ ഹൈബ്രിഡ് വാഹനങ്ങൾ ഉള്‍പ്പെടെ അടുത്ത മൂന്നു വർഷത്തിനകം പരിസ്ഥിതി സൗഹൃദമായ 31 മോഡലുകൾ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വാഹനവില്‍പ്പനയില്‍ രാജ്യാന്തര രംഗത്ത് അഞ്ചാം സ്ഥാനമുണ്ടെങ്കിലും എങ്കിലും ടെസ്ല ഉള്‍പ്പെടെയുള്ള ഇലക്ട്രിക്ക് വാഹനങ്ങളുടെ സ്വീകാര്യത കൂടുന്നത് ഹ്യുണ്ടായിയെ ആശങ്കയിലാക്കുന്നുണ്ട്. ടെസ്ലയുടെയും ജിഎമ്മിന്‍റെ ഇലക്ട്രിക്ക് വാഹനങ്ങളുടെയും വളര്‍ച്ച തടയാന്‍ ആദ്യ വൈദ്യുത കാറായ ‘അയോണിക്’ കഴിഞ്ഞ വർഷം ഹ്യുണ്ടേയ് പുറത്തിറക്കിയിരുന്നു. എന്നാൽ വേണ്ടത്ര ക്ലച്ച് പിടിക്കാന്‍ ഈ മോഡലിന് കഴിഞ്ഞില്ല. സഞ്ചാര ശേഷി കുറവാണെന്നതായിരുന്നു പ്രധാന പ്രശ്നം.
ഈ ന്യൂനത പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി അടുത്ത വർഷം ആദ്യ പകുതിയിൽ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘കോന’യുടെ വൈദ്യുത പതിപ്പ് ഹ്യുണ്ടേയ് പുറത്തിറക്കുന്നുണ്ട്. കൂടാതെ വൈദ്യുത വാഹന നിർമാണത്തിനായി പ്രത്യേക പ്ലാറ്റ്ഫോം വികസിപ്പിക്കാനും ഹ്യുണ്ടേയിക്കു പദ്ധതിയുണ്ട്. ഇതോടെ സഞ്ചാര ശേഷിയേറിയ വൈവിധ്യമുള്ള മോഡലുകൾ പുറത്തിറക്കാനാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ.
