ന്യൂഡല്‍ഹി : ഡ്രൈവര്‍ രഹിത കാറുകള്‍ നിരത്തിലിറക്കാനുള്ള പദ്ധതിക്ക് ഇന്ത്യയില്‍ തിരിച്ചടി. തൊഴിലില്ലായ‍്മ വർദ്ധിപ്പിക്കുന്നതിനാല്‍ ഡ്രൈവവറില്ലാ കാറുകള്‍ ഇന്ത്യന്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്നാണ് മന്ത്രിയുടെ നിലപാട്.

നിലവിൽ ഇന്ത്യയിൽ ലക്ഷക്കണക്കിന് തൊഴിലാളികളുടെ കുറവുണ്ട്. ഇത് പരിഹരിക്കാനാണ് സർക്കാർ ശ്രമം. ഡ്രൈവറില്ലാ കാറുകൾക്ക് പകരം നിലവിലുള്ള ഡ്രൈവർമാർക്ക് ആവശ്യമായ പരിശീലനം നൽകുമെന്നും പുതിയ ഡ്രൈവർമാരെ പരിശീലിപ്പിക്കുമെന്നും ഗഡ്‍ഗരി പറഞ്ഞു. ഇത് നിലവിലുള്ള തൊഴിൽ പ്രശ്നം പരിഹരിക്കാൻ സഹായിക്കും.

ഗൂഗിള്‍, മെര്‍സിഡസ് പോലെയുള്ള കമ്പനികള്‍ ആഗോള വിപണയില്‍ ഡ്രൈവര്‍ രഹിത കാറുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുക്കുന്നതിനിടയിലാണ് ഇന്ത്യയില്‍ ഓട്ടോമാറ്റിക്ക് കാറുകള്‍ അനുവദിക്കില്ലെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കിയത്.

ഒരു രാജ്യത്ത് തൊഴിലില്ലായ്മ നിലനില്‍ക്കുന്നുണ്ടെങ്കില്‍ സാങ്കേതിക വിദ്യ അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കണം. രാജ്യത്ത് ഇപ്പോള്‍ 22 ലക്ഷത്തോളം ഡ്രൈവര്‍മാരുണ്ട്. രാജ്യത്തുടനീളം സര്‍ക്കാര്‍ 100 ഡ്രൈവര്‍ ട്രെയിനിങ് സ്ഥാപനങ്ങള്‍ തുടങ്ങുമെന്നും അഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും ഗഡ്കരി പറഞ്ഞു.

ഗതാഗത രംഗത്ത് വൻ മാറ്റങ്ങൾക്കാണ് സർക്കാർ ഒരുങ്ങുന്നത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രോണിക്ക് വാഹനങ്ങളുടെ ഉപയോഗത്തെ സർക്കാർ പ്രോത്സാഹിപ്പിക്കും. എന്നാൽ ഇത്തരം വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് പകരം മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിൽ തന്നെ നിർമ്മിക്കണം. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിലും സ്വകാര്യ ഗതാഗതത്തിലും ജി പി എസ് സംവിധാനം ഏർപ്പെടുത്തും.

രാജ്യത്തെ പൊതുഗതാഗത രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി 1.8 ലക്ഷം ആഡംബര ബസുകൾ വാങ്ങാനും സർക്കാർ ആലോചിക്കുന്നുണ്ട്. ലണ്ടനിലെ പൊതുഗതാഗത സംവിധാനത്തിന്റെ രീതിയിലുള്ള മാറ്റമാണ് സർക്കാർ ആലോചിക്കുന്നത്, ഇതിനു വേണ്ട സാമ്പത്തിക സഹായത്തിനായി ലോകബാങ്കിനെയും ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിനെയും സമീപിച്ചിട്ടുണ്ടെന്നും അതേസമയം രാജ്യസഭയുടെ അനുമതി കാത്തുകിടക്കുന്ന മോട്ടോര്‍ വാഹന നിയമം ഭേദഗതി ബില്ല് 2017 പ്രകാരം സാങ്കേതിക വിദ്യയുടെ വികസനത്തിനായി ഇത്തരം പരീക്ഷണങ്ങള്‍ നടത്താനുള്ള അനുമതി കേന്ദ്ര സര്‍ക്കാരിനുണ്ട് എന്നതും ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.