ഇന്ത്യയില്‍ നിര്‍മ്മിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്ത ഫോര്‍ഡിന്‍റെ കോംപാക്ട് എസ്‌യുവി മോഡല്‍ ഇക്കോ സ്‌പോര്‍ട്ട് തിരിച്ച് വിളിക്കുന്നു. 

ഇന്ത്യയില്‍ നിര്‍മ്മിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്ത ഫോര്‍ഡിന്‍റെ കോംപാക്ട് എസ്‌യുവി മോഡല്‍ ഇക്കോ സ്‌പോര്‍ട്ട് തിരിച്ച് വിളിക്കുന്നു. ലോവര്‍ ആമിലെ വെല്‍ഡില്‍ തകരാറിനെ തുടര്‍ന്നാണ് നടപടി.

2017 മെയ് രണ്ട് മുതല്‍ 2017 ജൂണ്‍ 10 വരെയുള്ള കാലഘട്ടത്തില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്ത വാഹനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. ഗൗരവമുള്ള തകരാറാണിതെന്നും വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് പരിശോധിക്കണമെന്നുമാണ് കമ്പനി നിര്‍ദേശം. 

വെല്‍ഡിങ്ങില്‍ തകരാര്‍ ഉണ്ടായാല്‍ അത് ടയറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ടയര്‍ വീല്‍ ആര്‍ച്ചില്‍ തട്ടാന്‍ സാധ്യതയുണ്ടെന്നുമാണ് യുറോപ്യന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുകളില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ യൂറോപ്പില്‍ എത്തിച്ചിട്ടുണ്ട്.

ഇക്കോ സ്‌പോര്‍ട്ടിന്റെ പെട്രോള്‍ മോഡലിനെ അടുത്തകാലത്ത് ഇന്ത്യയിലും തിരികെ വിളിച്ചിരുന്നു. പവര്‍ട്രെയിന്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ സോഫ്റ്റ്‌വെയറിന്റെ അപ്‌ഡേഷന് വേണ്ടിയാണ് തിരികെ വിളിച്ചത്. 2017 നവംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലയളവില്‍ നിര്‍മിച്ച് വിറ്റ വാഹനങ്ങളാണ് തിരിച്ച് വിളിക്കുന്നത്. 

ബാറ്ററിയിലെ ചാര്‍ജ് നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനായി വാഹനങ്ങളെ തിരികെ വിളിക്കുന്നത്. 7249 വാഹനങ്ങള്‍ക്ക് ഈ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നായിരുന്നു പ്രാഥമിക നിഗമനം.