ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്‍റെ അടിയില്‍പ്പെട്ടാല്‍ മരണം ഉറപ്പാണ്. അഥവാ രക്ഷപ്പെട്ടാല്‍ തന്നെ ഗുരുതരമായി പരിക്കേല്‍ക്കുമെന്നും ഉറപ്പ്. എന്നാല്‍ ട്രെയിനിന്‍റെ അടിയിൽ നിന്ന് ഒരു യുവാവ് അദ്ഭുതകരമായി രക്ഷപ്പെടുന്ന വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.

ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലെ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. മദ്യപിച്ചെത്തിയ യുവാവാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലുള്ള ട്രെയിനില്‍ കയറാൻ ഓവർ ബ്രിഡ്ജ് ഉപയോഗിക്കാതെ നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയുടെ അടിയിലൂടെ കയറി അപ്പുറം കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.

ചരക്ക് തീവണ്ടിയുടെ അടിയിലൂടെ നുഴഞ്ഞു കടക്കുന്നതിനിടെ സിഗ്നൽ കിട്ടി തീവണ്ടി മുന്നോട്ടെടുത്തു. തുടർന്ന് ഇയാള്‍ പാളത്തിൽ കിടക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലെ മറ്റു യാത്രക്കാരാണ് സംഭവം മൊബൈലിൽ പകർത്തിയത്. ട്രെയിന്‍ കടന്നുപോകുന്നതു വരെ ഇയാള്‍ ചക്രങ്ങള്‍ക്കും പാളത്തിനും ഇടയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.