രാജ്യത്ത് ഇനി വരാനിരിക്കുന്നത് ഇലക്ട്രിക് വാഹന വിപ്ലവം. പെട്രോളും ഡീസലും ഉപയോഗപ്പെടുത്തി ഓടുന്ന വാഹനങ്ങള്‍ക്ക് പകരം വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്ത് കീഴടക്കുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ ആദ്യപടിയായി രാജ്യത്തെ ആദ്യ ഇലക്ട്രിക് ചാര്‍ജ്ജിങ് സ്റ്റേഷന്‍ നാഗ്പൂരില്‍ ആരംഭിച്ചു. പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് പുതിയ സംരഭത്തിന് പിന്നില്‍.

ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ "ഓല'യുമായി സഹകരിച്ചാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഇലക്ട്രിക് ചാര്‍ജ്ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചത്. ഇലക്ട്രിക് കാറുകള്‍ക്ക് ആവശ്യമായ ലിഥിയം അയോണ്‍ ബാറ്ററികള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് 2016 - 17 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ തന്നെ ഐ.ഒ.സി.എല്‍ വ്യക്തമാക്കിയിരുന്നു. 2020ഓടെ ആറു മുതല്‍ ഏഴ് മില്യന്‍ ഇലക്ട്രിക് കാറുകള്‍ നിരത്തിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ 2013ല്‍ രൂപം നല്‍കിയ നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാന്‍ ലക്ഷ്യമിടുന്നത്. പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എല്‍) ചാര്‍ജ്ജിങ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എ.സി, ഡി.സി ചാര്‍ജ്ജിങ് യൂണിറ്റുകള്‍ക്കുള്ള ടെണ്ടറുകളും ക്ഷണിച്ചിട്ടുണ്ട്. 

ഡി.സി വൈദ്യുതി ഉപയോഗിച്ച് ഒരു ഇലക്ട്രിക് വാഹനം 45 മുതല്‍ 60 മിനിറ്റ് വരെയുള്ള സമയം കൊണ്ട് മുഴുവനായി ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ എ.സി വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഇത് ആറു മുതല്‍ ഏഴ് മണിക്കൂറായി ഉയരും.