വിമാനത്തേക്കാളും വേഗത്തില്‍ പായുന്ന ട്രെയിന്‍ സമാന സംവിധാനമായ ഹൈപ്പര്‍ലൂപ്പിനേക്കുറിച്ച് നമ്മള്‍ കേട്ടു തുടങ്ങിയിട്ട് കുറച്ചുദിവസമേ ആയിട്ടുള്ളൂ. വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെ വിമാനത്തോളമോ അതിലേറെയോ വേഗതയില്‍ ഭൂമിയിലൂടെ തന്നെ സഞ്ചരിക്കാനുള്ള മാര്‍ഗ്ഗമാണ് ഹൈപ്പര്‍ലൂപ്പ്. ഈ സംവിധാനം ഇന്ത്യയിലേക്ക് വരുന്നു എന്നതാണ് പുതിയ വാര്‍ത്തകള്‍.
ആന്ധ്രപ്രദേശിലെ അമരാവതിക്കും വിജയവാഡയ്ക്കുമിടയില്‍ ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ് ലൈന്‍ സ്ഥാപിക്കും. ഹൈപ്പര്‍ലൂപ്പ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് കരാറില്‍ അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ ഹൈപ്പര്‍ലൂപ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസും (എച്ച്ടിടി) ആന്ധ്രാപ്രദേശ് ഇക്കണോമിക്സ് ഡെവലെപ്പ്മെന്റ് ബോര്‍ഡും(എപിഇഡിബി) ഒപ്പിട്ടു.
അമരാവതി - വിജയവാഡ റൂട്ടില്‍ ഒരു മണിക്കൂറാണ് നിലവിലെ യാത്രാസമയം. ഹൈപ്പര്‍ലൂപ്പ് വരുന്നതോടെ ഇത് അഞ്ച് മിനിറ്റായി കുറയും. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള സാധ്യതാ പഠനം ഒക്ടോബറില്‍ ആരംഭിക്കും. ആറ് മാസത്തെ സാധ്യതാപഠനത്തിനു ശേഷം അമരാവതി-വിജയവാഡ നഗരങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള റൂട്ടും പഠനത്തില്‍ കണ്ടെത്തും.
എന്താണ് ഹൈപ്പര്‍ലൂപ്പ്?
വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ക്യാപ്‌സ്യൂള്‍ പോലുള്ള വാഹനം. ആകാശയാത്രകള്‍ ലക്ഷ്യമിടുന്ന സ്‌പെയ്‌സ് എക്‌സ് എന്ന കമ്പനി സ്ഥാപിച്ച് ശ്രദ്ധ നേടിയ കോടീശ്വരന്‍ എലന്‍ മസ്‌കാണ് 2013 ല്‍ ഹൈപ്പര്‍ ലൂപ്പ് ആശയവുമായി മുന്നോട്ട് വന്നത്. പിന്നീട് അദ്ദേഹത്തിന് പിന്തുണയുമായി ലോകമെങ്ങുമുള്ള ഗവേഷകരെത്തി. തുടര്‍ഗവേഷണങ്ങളിലൂടെ ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനത്തിന് കൃത്യമായ രൂപമുണ്ടായി.
പതിനൊന്നടിയോളം വ്യാസമുള്ള ട്യൂബിനുള്ളിലെ കുറഞ്ഞ വായുമര്‍ദ്ദം ക്യാപ്‌സ്യൂള്‍ വാഹനത്തെ ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കാന്‍ സഹായിക്കും. മാഗ്നറ്റിക് ലെവിറ്റേഷന്‍ സാങ്കേതിക വിദ്യ വാഹനത്തെ ട്രാക്കില്‍ നിന്ന് ഉയര്‍ത്തി നിര്‍ത്തും. ഈ രണ്ട് സാങ്കേതികവിദ്യകളും കൂടി ചേരുമ്പോള്‍ അതിവേഗത്തില്‍ വാഹനത്തിന് സഞ്ചരിക്കാനാകും. ട്യൂബിനുള്ളില്‍ എവിടേയും തൊടാതെയുള്ള യാത്ര. ഭൂമിക്കടിയിലൂടെയോ മുകളില്‍ തൂണുകളിലോ ആണ് ഈ ട്യൂബ് പാത സ്ഥാപിക്കുക.
വേഗത മണിക്കൂറില്‍ 1100 കിലോമീറ്റര്‍
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ റെയില്‍ ലൈനിലും മൂന്നിരിട്ടി വേഗതയാണ് ഹൈപ്പര്‍ലൂപ് ട്രെയിനുകള്‍ കൈവരിക്കുക. മണിക്കൂറില്‍ 1100 കിലോമീറ്റര്‍ വേഗത വരെയാകും ഹൈപ്പര്‍ലൂപ് ട്രെയിനുകള്‍ ഇന്ത്യയില്‍ സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ യാത്രാവിമാനമായ ബോയിങ് 747 ന്റെ ശരാശരി വേഗത മണിക്കൂറില്‍ 920 കിലോമീറ്ററാണ്. അങ്ങനെവരുമ്പോള്‍ യാത്രാവിമാനത്തേക്കാള്‍ വേഗതയില്‍ കുറച്ചുകൂടി സുരക്ഷിതമായുള്ള യാത്രയാണിത്.
ഡല്‍ഹിയില്‍ നിന്നും ഭൂമിയിലൂടെ മുംബൈയിലെത്താന്‍ ഹൈപ്പര്‍ലൂപ്പിലൂടെ ഒരു മണിക്കൂര്‍ പോലും വേണ്ടെന്നാണ് അവകാശവാദം. ബെംഗലുരുവില്‍ നിന്ന് തിരുവനനന്തപുരത്തെത്താന്‍ വേണ്ടത് 41 മിനിട്ട്. 2021 ഓടെ ഇന്ത്യയില്‍ ഹൈപ്പര്‍ലൂപ്പ് പാതകള്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് ഹൈപ്പര്‍ലൂപ്പ് ഇന്ത്യ അവകാശപ്പെടുന്നത്.
ഹൈപ്പര്‍ലൂപ് പദ്ധതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് 2500 ല്‍ ഏറെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. ആദ്യത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് കീഴിലുള്ള സ്വകാര്യ നിക്ഷേപകരില്‍ നിന്നുമാണ് പദ്ധതിയ്ക്കായുള്ള പണം സ്വരൂപിക്കുക. വിവിധ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച പദ്ധതിയുമായി ഹൈപ്പര്‍ ലൂപ്പ് ഇന്ത്യ അധികൃതര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയതായും പദ്ധതി മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
