ഷാജി ഹൈക്കോടതിയിലെ റിട്ടയേഡ് ഉദ്യോഗസ്ഥനാണ്. ഇയാൾക്ക് സുധയുടെ കുടുംബവുമായി വർഷങ്ങളായി അടുപ്പമുണ്ട്. എന്നാൽ അടുത്തിടെ ഇവരുടെ സൗഹൃദത്തിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
കൊച്ചി: വൈറ്റില മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ മൃതദേഹം കണ്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം ചിങ്ങവനം സ്വദേശിനിയായ സുധ ബേബിയെ ആണ് വൈറ്റില മേൽപ്പാലത്തിന് താഴേയുള്ള റെയിൽവേ ട്രാക്കിനടുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ്. സംഭവത്തിൽ യുവതിയോടൊപ്പം സിസിടിവിയിൽ കണ്ട ഷാജി എന്നയാളെ പൊലീസ് പിടികൂടി. ഇയാൾ കൊല്ലപ്പെട്ട സുധയുടെ അമ്മയ്ക്കൊപ്പം ഹൈക്കോടതിൽ ജോലി ചെയ്തിരുന്ന ആളാണെന്നാണ് വിവരം. ഷാജിയും സുധാ ബേബിയും കുടുംബസുഹൃത്തുക്കളാണ്. അമ്മയുടെ ചികിത്സക്കായി ഇവർ കൊച്ചിയിലാണ് താമസം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഷാജി ഹൈക്കോടതിയിലെ റിട്ടയേഡ് ഉദ്യോഗസ്ഥനാണ്. ഇയാൾക്ക് സുധയുടെ കുടുംബവുമായി വർഷങ്ങളായി അടുപ്പമുണ്ട്. എന്നാൽ അടുത്തിടെ ഇവരുടെ സൗഹൃദത്തിൽ ചില പ്രശ്നങ്ങളുണ്ടായി. ഇതാണ് തർക്കത്തിന് കാരണം. തുടർന്ന് രാത്രി ഇരുവരും റെയിൽവേ ട്രാക്കിനടുത്തേക്ക് പോവുകയും ഇവിടെ വെച്ചാണ് കൊലപാതകം നടന്നതെന്നും പൊലീസ് വ്യക്തമാക്കി. സുധയുടെ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം എന്നാണ് വിവരം. അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്തുവന്ന ശേഷം പ്രതി ഷാജിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
ഇന്ന് പുലർച്ചെ നാലരയോടെ വൈറ്റിലയിലൂടെ കടന്നുപോയ അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് ആണ് ട്രാക്കിനോട് ചേർന്ന് യുവതിയുടെ മൃതശരീരം ആദ്യം കാണുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിൽ മുഖത്ത് അടിച്ചതിന്റെ പാടുകളും ശരീരത്തിൽ രക്തക്കറയും കണ്ടതോടെ കൊലപാതകം എന്ന സംശയമായി. മാത്രമല്ല എറണാകുളം കോട്ടയം ട്രാക്കിന്റെ സർവ്വീസ് ഇല്ലാത്ത ഉപയോഗിക്കാതെ കിടക്കുന്ന പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കൊലപാതകത്തിനുള്ള സാധ്യത പൊലീസ് ഉറപ്പിച്ചു. തൊട്ടടുത്ത് കണ്ടെത്തിയ മൊബൈൽ ഫോണിന്റെ സിം വിശദാംശങ്ങൾ കോട്ടയം സ്വദേശി സുധാ ബേബി എന്ന യുവതിയിലേക്ക് പൊലീസിനെ എത്തിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഷാജി പിടിയിലായത്.

സമീപ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ യുവതിക്കൊപ്പം മറ്റൊരാൾ പോകുന്ന സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങളിൽ നിന്നുള്ള സൂചനകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മരട് പൊലീസ്, കൊലപാതകിയായ ഷാജിയെ കണ്ടെത്തിയത്. പ്രതിക്കൊപ്പം യുവതി നടന്നു പോകുന്ന ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. ഇരുവരും കാറിൽ നിന്ന് ഇറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ട്രാക്കിന് സമീപം പിന്നീട് ഷാജി ഒറ്റയ്ക്ക് നടന്നു പോകുന്ന ദൃശ്യങ്ങളും പൊലീസ് കിട്ടി. ഈ സമയം ഷാജിയുടെ ഷർട്ടിൽ രക്തക്കറ ഉണ്ടായിരുന്നു. ഇതോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.


