മെക്സിക്കന്‍ അപാരതയുടെ വിജയം നവാഗത സംവിധായകന്‍ ടോം ഇമ്മട്ടിക്ക് നേടിക്കൊടുത്തത് ഇന്നോവ ക്രിസ്റ്റ. ചിത്രത്തിന്‍റെ സംവിധായകന്‍ ടോം ഇമ്മട്ടിക്ക് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ചത് നിര്‍മ്മാതാവ് അനൂപ് കണ്ണനാണ്. ടോം ഇമ്മട്ടി തന്നെയാണ് തന്‍റെ ഫേസ് ബുക്ക് പേജിലൂടെ വിവരം പങ്ക് വച്ചത്. ചിത്രത്തിന്റെ വിജയം സംവിധായൻ ടോം ഇമ്മട്ടിയുടെ കഠിനാധ്വാനം മൂലമാണെന്നും അതിനാലാണ് വിജയത്തിന്റെ ഒരു പങ്ക് സമ്മാനിക്കുന്നതെന്നും അനൂപ് കണ്ണൻ പറയുന്നു. ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അനൂപിന്‍റെ കന്നി നിര്‍മ്മാണ സംരംഭം കൂടിയാണ് മെക്സിക്കന്‍ അപാരത.
എഴുപതുകളുടെ പശ്ചാത്തലത്തിൽ കാംപസ് രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ തോമസായിരുന്നു നായകന്‍. ഗായത്രി സുരേഷായിരുന്നു നായിക. നീരജ് മാധവ്, രൂപേഷ് പീതാംബരൻ തുടങ്ങി വൻതാരനിരയും ചിത്രത്തില്‍ ഉണ്ടായിരുന്നു.
ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ വാഹനമായ ഇന്നോവ ക്രിസ്റ്റ നിപ്പോൺ ടൊയോട്ട തൃശൂരിൽ നിന്നാണ് ടോം ഇമ്മട്ടി സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം വിപണിയിലെത്തിയ വാഹനത്തിന് മികച്ച പ്രതികരണമാണ്. പുതിയ മോഡല്‍ ക്രിസ്റ്റയുടെ രണ്ടു ഡീസല്‍ പതിപ്പുകളും ഒരു പെട്രോൾ പതിപ്പുമാണ് കമ്പനി പുറത്തിറക്കിയത്. 2.8 ലിറ്റര്‍ ഡീസല്‍ 2.4 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ഇന്നോവയുടെ വകഭേദങ്ങള്‍. അതില്‍ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് ഓട്ടമാറ്റിക് വകഭേദവും ലഭ്യമാണ്.
