
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ആണവ അന്തർവാഹിനി അരിഹന്ത്. ശത്രുവിന്റെ അന്തകൻ എന്ന് ഹിന്ദിയില്‍ അർത്ഥമുള്ള അരിഹന്തിന്‍റെ പിറവിയുടെ തുടക്കം 1974ല്‍. അന്ന് നാവിക സേന തുടങ്ങിയ സാധ്യതാപഠനം 1984ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് രൂപകല്‍പ്പനാ പഠനത്തിലേക്കു കടന്നു. ബാര്‍ക്കും ഡിആര്‍ഡിഒയും ചേര്‍ന്നായിരുന്നു രൂപകല്‍പ്പനാ പഠനം. റഷ്യയായിരുന്നു സാങ്കേതിക സഹായം. അവരുടെ അകുല - 1 ആയിരുന്നു അടിസ്ഥാന മാതൃക.
പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന അത്യാധുനിക യുദ്ധോപകരണ പദ്ധതിയുടെ ഭാഗമായാണ് അരിഹന്തിന്റെ നിര്‍മ്മാണം നടന്നത്. ഡി.ആര്‍.ഒ, ആണവോര്‍ജ്ജ വകുപ്പ്, നേവല്‍ ഡിസൈന്‍ ഡയറക്ടറേറ്റിന്റെ കീഴിലുള്ള സബ്മറൈന്‍ ഡിസൈന്‍ ഗ്രൂപ്പ്, എല്‍.ആന്റ് ടി പോലെയുള്ള ചില സ്വകാര്യ കമ്പനികള്‍ തുടങ്ങിയവരുടെയും സഹകരണം. 2009ല്‍ വിശാഖപട്ടണത്തെ കപ്പല്‍നിര്‍മാണശാലയില്‍ നിന്നും നിര്‍മ്മാണ പൂര്‍ത്തീകരണം. അതേവര്‍ഷം ജൂലൈ 26ന് പ്രധാനമന്ത്രി മൻമോഹൻ സിംഗ് നീറ്റിലിറക്കി.

2013 ആഗസ്റ്റ് 9നു കപ്പലിലെ ആണവറിയാക്ടർ പ്രവർത്തനക്ഷമമായി. ഇതു നിര്‍മ്മിച്ചത് കല്‍പ്പാക്കത്ത്. ഇതോടെ ആണവ അന്തർവാഹിനികൾ സ്വന്തമായി രൂപകല്പന ചെയ്ത് നിർമിച്ച്, പ്രവർത്തിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ആറു രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി. അരിഹന്തിൽ വിന്യസിക്കുന്നതിന് ബിഒ-5 എന്ന മധ്യദൂര ആണവമിസൈലും പ്രതിരോധഗവേഷണ വികസനകേന്ദ്രം തയ്യാറാക്കി. തുടര്‍ന്ന് 2014 മുതല്‍ തുടങ്ങിയ നീണ്ടനാളത്തെ സമുദ്രപരീക്ഷണങ്ങള്‍.
112 മീറ്റർ നീളവും 11 മീറ്റർ വീതിയും. ഭാരശേഷി 6000 ടൺ. 100 സേനാംഗങ്ങളെ വഹിക്കും. ആണവവാഹക ശേഷിയുള്ള സാഗരിക (കെ-15) മിസൈല്‍ കപ്പലിലുണ്ട്. 700 കിലോമീറ്ററാണ് ഈ മിസൈലിന്റെ പ്രഹരശേഷി. മറ്റ് അന്തര്‍വാഹിനികള്‍ ഡീസലിൽ പ്രവർത്തിക്കുമ്പോള്‍ അരിഹന്തിന് കരുത്ത് പകരുന്നത് ആണവോര്‍ജ്ജം. കപ്പലിലെ 83 മെഗാവാട്ട് സമ്മര്‍ദിത ജല റിയാക്ടര്‍ ഊര്‍ജം പകരും.

ആണവായുധങ്ങളുടെ ഉപയോഗത്തിനു പുറമേ അവയെ പ്രതിരോധിക്കാനും അരിഹന്തിനു കഴിയും. കൂടാതെ കടലില്‍ നിന്നും കരയില്‍ നിന്നും ആകാശത്തുനിന്നുമുള്ള അണുവായുധ ആക്രമണങ്ങളെ നേരിടുന്നതിനുള്ള ശേഷി. മറ്റു മുങ്ങിക്കപ്പലുകളില്‍നിന്ന് വ്യത്യസ്തമായി ശത്രുവിന്‍റെ കണ്ണില്‍പെടാതെ ദീര്‍ഘകാലം കടലിനടിയില്‍ കഴിയുന്നതിനുള്ള ശേഷി. സമുദ്രാന്തര്‍ഭാഗത്തുനിന്ന് ആണവപോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള ശേഷി. ആണവാക്രമണമുണ്ടായാല്‍ അതിവേഗം പ്രത്യാക്രമണം നടത്താനുള്ള ശേഷി. കപ്പലിലെ നൂറോളം ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയത് റഷ്യന്‍ വിദഗ്ധരും ഭാഭ അറ്റോമിക് റിസര്‍സെന്ററും ചേര്‍ന്ന്അരിഹന്തിന്‍റെ പ്രത്യേകതകള്‍ ഇങ്ങനെ നീളുന്നു.

നാവികസേനയുടെ പ്രഹരശേഷി പതിന്മടങ്ങാക്കുന്ന അരിഹന്തിന്‍റെ കമീഷനിങ് പക്ഷേ, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിവിധ മാധ്യമ റിപ്പോര്‍ട്ടുകളനുസരിച്ച് നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ അന്തര്‍വാഹിനി കമീഷന്‍ ചെയ്തതായാണ് അറിയുന്നത്. എന്നാല്‍, ഇതേപ്പറ്റി നാവികസേനയും പ്രതികരിച്ചിട്ടില്ല.
എന്തായാലും ആണവവാഹകശേഷിയുള്ള മിറാഷ് 2000 പോര്‍വിമാനവും കരയില്‍നിന്ന് തൊടുക്കുന്ന അഗ്നി ബാലിസ്റ്റിക് മിസൈല്‍ എന്നിവക്കൊപ്പം അരിഹന്തും കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ പ്രതിരോധസേനക്ക് കരുത്ത് ഇരട്ടിക്കും. അതിര്‍ത്തികള്‍ കലുഷിതമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് ശത്രുവിന്‍റെ അന്ത്യം ഇന്ത്യ നേരത്തെ ഉറപ്പിച്ചെന്ന് ചുരുക്കം.

