ജിഎസ്‍ടി (ചരക്ക് സേവനനികുതി) ഇംപാക്ടിനെ തുടര്‍ന്ന് വിലക്കിഴിവുമായെത്തിയ മെഴ്‌സിഡീസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു, റെനോ, ഫോഡ് തുടങ്ങിയ വാഹനനിര്‍മ്മാതാക്കള്‍ക്കു പിന്നാലെ ഇസുസുവും രംഗത്ത്. മോഡലുകളുടെ എക്‌സ്‌ഷോറൂം വിലകളില്‍ 60,000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ വിലക്കിഴിവാണ് ഇസുസു മോട്ടോര്‍സ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്തിടെ ഇസുസു അവതരിപ്പിച്ച MU-X എസ്‌യുവിയ്ക്ക് 1.5 ലക്ഷം രൂപ വരെ കുറച്ചു. MU-X എസ്‌യുവിയുടെ വില 22.4 ലക്ഷം രൂപ മുതല്‍ 24.4 ലക്ഷം രൂപ വരെയായി മാറ്റി ക്രമീകരിച്ചിട്ടുണ്ട്. നേരത്തെ, 23.9 ലക്ഷം രൂപ ആരംഭ വിലയിലാണ് MU-X വിപണിയില്‍ എത്തിയിരുന്നത്. MU-X ടോപ് വേരിയന്റിന്റെ വില 25.9 ലക്ഷം രൂപയായിരുന്നു (ഡല്‍ഹി എക്‌സ്‌ഷോറൂം വില). 3.0 ലിറ്റര്‍ ടര്‍ബ്ബോ ഇന്‍ലൈന്‍ ഫോര്‍സിലിണ്ടര്‍ ഡീസല്‍ എന്‍ജിനിലാണ് ഇസുസു MU-X എത്തുന്നത്. 174 ബിഎച്ച്പി കരുത്തും 380 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എന്‍ജിനില്‍ 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇസുസു നല്‍കുന്നത്. MU-X ന് പുറമെ, പിക്കപ്പ് ട്രക്കായ വിക്രോസിനും ഇസുസു ഡിസ്‌കൗണ്ട് ലഭ്യമാക്കുന്നുണ്ട്.

പുതുക്കിയ നിരക്ക് പ്രകാരം, 12.7 ലക്ഷം രൂപ വിലയിലാണ് വിക്രോസ് ലഭ്യമാകുന്നത് (ഡല്‍ഹി എക്‌സ്‌ഷോറൂം വില). 2.5 ലിറ്റര്‍, ഫോര്‍സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എന്‍ജിനിലാണ് വിക്രോസ് ഒരുങ്ങുന്നത്. 134 ബിഎച്ച്പികരുത്തും 320 എന്‍എം ടോര്‍ക്കുമാണ് വിക്രോസ് എന്‍ജിന്‍ ഉത്പാദിപ്പിക്കുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് വിക്രോസ് എന്‍ജിനുമായി ഇസുസു ബന്ധപ്പെടുത്തുന്നത്. നിലവിലെ നികുതി നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍, പുതിയ ജിഎസ്ടി നിരക്കുകള്‍ വലിയ കാറുകളുടെ വില കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വലിയ എന്‍ജിന്‍ ശേഷിയുള്ള കാറുകളില്‍ 28 ശതമാനം നികുതിയും, 15 ശതമാനം വരെ സെസുമാണ് നിശ്ചയിച്ചിരിക്കുന്നത്.

ചരക്ക് സേവന നികുതിയുടെ പിന്‍ബലത്തില്‍ വിപണിയില്‍ എസ്‌യുവികളുടെയും പ്രീമിയം കാറുകളുടെയും വില 12 ശതമാനം വരെ ഇതിനകം കുറഞ്ഞ് കഴിഞ്ഞു. ജൂലൈയില്‍ ജിഎസ്ടി നടപ്പാകുമ്പോള്‍ ആഡംബര കാറുകള്‍ക്കു നികുതിഭാരം കുറയുമെന്നു വ്യക്തമായതോടെയാണ് നിര്‍മാതാക്കള്‍ വിലക്കുറവ് പ്രഖ്യാപിച്ചത്. ഉപയോക്താക്കള്‍ കാര്‍ വാങ്ങാന്‍ ജൂലൈ ഒന്നുവരെ കാത്തിരിക്കാനുള്ള സാധ്യത മറികടക്കാനാണിത്.
ജിഎസ്ടി പ്രകാരം, 1200 സിസിക്ക് താഴെ എന്ജിന് ശേഷിയുള്ള കാറുകളില്‍ ഒരു ശതമാനം സെസാണ് ഈടാക്കുക. അതേസമയം, 1500 സിസിക്ക് താഴെ എന്ജിന് ശേഷിയുള്ള ഡീസല്‍ കാറുകളില്‍ മൂന്ന് ശതമാനം സെസാണ് ചുമത്തുക. 1500 സിസിക്ക് മുകളിലുള്ള വലിയ കാറുകള്‍ക്കും, 1500 സിസിക്ക് മുകളിലുള്ളതും നാല് മീറ്ററില്‍ നീളമുള്ളതുമായ എസ്‌യുവികള്‍ക്കും 15 ശതമാനം സെസാണ് നിശ്ചയിച്ചിരിക്കുന്നത്.
ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു, ഔഡി, മെര്‍സിഡീസ് എന്നിവര്‍ മോഡലുകളില്‍ നേരത്തെ ഡിസ്‌കൗണ്ട് നിരക്കുകള്‍ ലഭ്യമാക്കിയിരുന്നു. മോഡലുകളുടെ അടിസ്ഥാനത്തില്‍ 12 ശതമാനം വരെയാണ് ബിഎംഡബ്ല്യു നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര മോഡലുകളില്‍ ഏഴ് ലക്ഷം രൂപ വരെ നിരക്കിളവ് നല്‍കി മെര്‍സിഡീസും രംഗത്തുണ്ട്.

ഫോര്‍ഡ് ഇന്‍ഡ്യ തങ്ങളുടെ ഹാച്ച് ബാക്ക്, കോംപാക്ട് സെഡാന്‍, കോംപാക്ട് എസ്‍യുവി മോഡലുകളായ ഫിഗോ, ആസ്‍പെയര്‍, എക്കോസ്പോട്ട് എന്നീ വാഹനങ്ങള്‍ക്കാണ് ഡിസ്കൗണ്ട് നല്‍കുന്നത്. ഫിഗോയ്ക്കും അസ്‍പെയറിനും 10,000 മുതല്‍ 20,000 രൂപ വരെ വിലക്കുറവുണ്ടാകും. എക്കോസ്പോട്ടിന് 20,000 മുതല്‍ 30,000 രൂപ വരെ വിലക്കിഴിവ് ലഭിക്കും. ഫിഗോയ്ക്ക് 4.75 ലക്ഷം മുതല്‍ 7.73 ലക്ഷം വരെയാണ് ഡല്‍ഹി എക്സ് ഷോറൂം വില. അസ്‍പെയറിന് 5.44 മതല്‍ 8.28 വരെയും എക്കോസ്‍പോട്ടിന് 7.18 ലക്ഷം മുതല്‍ 10.76 ലക്ഷം വരെയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില.

മെഴ്‌സിഡീസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു എന്നീ മൂന്നു പ്രമുഖ ജര്‍മന്‍ കമ്പനികളും പലരൂപത്തില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ അവസാനം വരെയാണ് ഓഫറുകള്‍. ബെന്‍സ് ഇന്ത്യയില്‍ നിര്‍മിക്കുന്ന ഒന്‍പതു മോഡലുകള്‍ക്കാണ് വിലയിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സിഎല്‍എയ്ക്ക് 1.4 ലക്ഷം രൂപ ഇളവ് കിട്ടുമ്പോള്‍ മേബാക് എസ് 500 മോഡലിന് ഏഴു ലക്ഷം രൂപയാണ് വിലക്കുറവ്. ഔഡി എ3 സെഡാന് 50000 ഒന്നര ലക്ഷം രൂപ ഇളവ് കിട്ടും. എ8 സെഡാന് 10 ലക്ഷവും. ബിഎംഡബ്ല്യു 12% വരെ ആനുകൂല്യം വിലയില്‍ നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ പലിശനിരക്ക്, സൗജന്യ സര്‍വീസ് പാക്കേജ് തുടങ്ങിയവയുമുണ്ട്.

