സഞ്ചാരികളേ, നിങ്ങള്‍ ഇറ്റലിയിലെ ഒല്ലോലായ് എന്ന ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒരുപാട് ചരിത്രകഥകള്‍ പറയാനുള്ള ഈ ഗ്രാമം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഇവിടുത്തെ ചില ചരിത്രവീടുകളുടെ അമ്പരപ്പിക്കുന്ന വിലകൊണ്ടാണ്. വെറും 1.20 ഡോളറാണ് ഈ ഗ്രാമത്തിലെ ഒരു വീടിന്റെ വില.

കല്ലുകള്‍ കൊണ്ട് നിര്‍മിതമായ 200 വീടുകളാണ് ഇവിടെയുള്ളത്. പ്രദേശത്തെ ജനസംഖ്യ കൂട്ടി ചരിത്രനഗരമെന്ന ഖ്യാതി തിരിച്ചുപിടിക്കുകയാണ് അധികൃതര്‍ മുന്നോട്ടുവെയ്ക്കുന്ന ഈ ഓഫറിനുപിന്നിലുള്ള ലക്ഷ്യം. നേരത്തെ 2250 പേരുണ്ടായിരുന്ന ഗ്രാമത്തില്‍ ഇപ്പോഴുള്ളത് ആകെ 1300 പേരാണ്.

കേസ് എ വണ്‍ യൂറോ എന്ന പദ്ധതിയുടെ ഭാഗമായാണ് ഒരു ഡോളറിന് വീടുകള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. 2015 ലാണ് പദ്ധതി തുടങ്ങിയതെങ്കിലും ഇപ്പോഴാണ് മാധ്യമശ്രദ്ധനേടുന്നത്.

വില്‍പ്പനയ്ക്കുള്ള വീടുകളെല്ലാം അതീവ ദയനീയാവസ്ഥയിലാണ്. അതുകൊണ്ട് വീടുവാങ്ങുന്നവര്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 25,000 ഡോളറെങ്കിലും മുടക്കി വീട് അടച്ചുറപ്പുള്ളതാക്കണമെന്നതാണ് അധികൃതര്‍ മുന്നോട്ടുവെയ്ക്കുന്ന വ്യവസ്ഥ.