Asianet News MalayalamAsianet News Malayalam

മിറ്റ്‌സുബിഷി മോട്ടോഴ്‌സ് കോര്‍പറേഷന് 480 മില്യണ്‍ പിഴ

Japan watchdog fines Mitsubishi Motors fined over mileage cheating
Author
First Published Jan 29, 2017, 9:52 AM IST

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ മിറ്റ്‌സുബിഷി മോട്ടോഴ്‌സ് കോര്‍പറേഷന് 480 മില്യണ്‍ യെന്‍ (4.2മില്ല്യണ്‍ ഡോളര്‍) പിഴചുമത്തി. ഏകദേശം 28.59 കോടി ഇന്ത്യന്‍ രൂപയോളം വരുമിത്.

ഇന്ധനക്ഷമത സംബന്ധിച്ച തെറ്റായ പരസ്യം നല്‍കിയതിനാണ് നടപടി. ജപ്പാനിലെ ഉപഭോക്തൃ സംരംക്ഷണ സംവിധാനമായ കണ്‍സ്യൂമര്‍ അഫയേഴ്‌സ് ഏജന്‍സിയാണ് നടപടി സ്വീകരിച്ചത്. ജാപ്പനീസ് വാഹന നിര്‍മാതാക്കളില്‍ ആറാം സ്ഥാനത്തുള്ള മിറ്റ്‌സുബിഷിയുടെ മോഡല്‍ കാറ്റലോഗുകളിലും വെബ്‌സൈറ്റിലും ഇന്ധനക്ഷമതയെക്കുറിച്ചു തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചെന്ന് ഏജന്‍സി കണ്ടെത്തി.

രാജ്യത്തു പ്രാബല്യത്തിലുള്ള ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ലേബലിങ് നിയമത്തിനു വിരുദ്ധമായിരുന്നു കമ്പനിയുടെ നടപടി. ഏപ്രിലില്‍ നിയമ പരിഷ്‌കാരം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞ് വിറ്റ വാഹനങ്ങള്‍ക്കാണു മിറ്റ്‌സുബിഷിയുടെ പേരില്‍ നടപടി. ഇന്ധനക്ഷമതാ കണക്കില്‍ കൃത്രിമം കാട്ടിയെന്നു കമ്പനി കഴിഞ്ഞ വര്‍ഷം കുറ്റസമ്മതം നടത്തിയിരുന്നു. മിനി കാറായ ഇ കെ, നിസ്സാനു വേണ്ടി കമ്പനി നിര്‍മിച്ചു നല്‍കിയ ഡാവ്‌സ്, എസ് യു വിയായ ഔട്ട്‌ലാന്‍ഡര്‍ തുടങ്ങിയവയുടെ ഇന്ധനക്ഷമതയില്‍ കൃത്രിമം കാട്ടിയെന്നാണ് കമ്പനിക്കെതിരെയുള്ള ആരോപണം.

വിവാദം തുടങ്ങിയ ഏപ്രില്‍ മുതല്‍ കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു. പ്രതിസന്ധിയില്‍ നിന്നു പുറത്തു കടക്കാന്‍ മിറ്റ്‌സുബിഷി നിസ്സാന്‍ മോട്ടോര്‍ കമ്പനിയുടെ സഹായവും തേടിയിട്ടുണ്ട്. 220 കോടി ഡോളര്‍(ഏകദേശം 14,977 കോടി രൂപ) മുടക്കിയ നിസ്സാന്‍, മിറ്റ്‌സുബിഷി മോട്ടോഴ്‌സിനെ നിയന്ത്രിക്കാനുള്ള അധികാരത്തോടെ കമ്പനിയുടെ മൂന്നിലൊന്ന് ഓഹരികള്‍ സ്വന്തമാക്കി.

കണ്‍സ്യൂമര്‍ അഫയേഴ്‌സ് ഏജന്‍സിയില്‍ നിന്നും കുറ്റപത്രം ലഭിച്ചെന്ന് മിറ്റ്‌സുബിഷി മോട്ടോഴ്‌സ് സ്ഥിരീകരിച്ചു. ആരോപണങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കമ്പനി അറിയിച്ചു.

 

 

Follow Us:
Download App:
  • android
  • ios