
കൊല്ലം: ജടായു അഡ്വഞ്ചർ പാർക്കിലേക്ക് ടെക്കീസ് വന്നു തുടങ്ങി. ടെക്കീസിനും സാഹസിക പ്രേമികൾക്കും പുതിയൊരു ലോകം ഒരുക്കിയിരിക്കുന്ന ജടായു അഡ്വഞ്ചർ പാർക്ക് തുറന്നു കഴിഞ്ഞു. കൊല്ലം ചടയമംഗലത്തെ ജടായു ടൂറിസത്തിന്റെ ഭാഗമായിട്ടുള്ള ഈ അഡ്വഞ്ചർ പാർക്കിൽ സാഹസികതയുടെ പുതിയ അവസരങ്ങളെ ആസ്വദിക്കാൻ നിരവധി ടെക്കീസാണ് എത്തുന്നത്. കൂറ്റൻ പാറക്കെട്ടുകളും താഴ്‌വരകളും കാടുമെല്ലാം നിറഞ്ഞ ജടായുപ്പാറയിലെ ഈ അഡ്വഞ്ചർ പാർക്ക് സാഹസികതയ്ക്കുള്ള അവസരത്തിനും ഉപരിയായി പേഴ്‌സണാലിറ്റി ചെയിഞ്ചിനുള്ള സാധ്യത കൂടിയാണ് നൽകുന്നത്.

റൈഫിൾ ഷൂട്ടിംഗിൽ തുടങ്ങുന്ന സാഹസിക വിനോദങ്ങളുടെ നീണ്ട നിരയാണ് ജടായു അഡ്വഞ്ചർ പാർക്കിൽ കാത്തിരിക്കുന്നത്. സൗത്ത് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റോക്ക് ക്ലൈബിംഗ്, സ്വാഭാവിക പ്രകൃതി തന്നെ സൃഷ്ടിച്ചിരിക്കുന്ന ചിമ്മിനി കൈബ്ലിംഗ് അനുഭവം, റാപ്പല്ലിംഗ്, ബോൾഡറിംഗ് എന്നിങ്ങനെ പ്രകൃതിയുടെ നടുവിൽ ഒരുക്കിയിരിക്കുന്ന പെയിന്റ് ബോൾ ഗെയിം വരെ ചേർന്നതാണ് ഈ പാർക്ക്. രാജസ്ഥാൻ കോട്ടകളുടെ മാതൃകയിലാണ് പെയിന്റ് ബോളിനായി അവസരം ഒരുക്കിയിരിക്കുന്നത്.

കുറ്റൻ പാറക്കെട്ടുകളുടെ നടുവിലും കോട്ടകളിലുമായി അരങ്ങേറുന്ന പെയിന്റ് ബോൾ ഗെയിം ഏതൊരാൾക്കും നവീനമായ അനുഭവമായിരിക്കും. ഇത്തരത്തിൽ ഇരുപതോളം ഗെയിമുകൾ അഡ്വഞ്ചർ പാർക്കിലുണ്ട്. രാവിലെ തുടങ്ങുന്ന ഗെയിമുകൾ പൂര്‍ത്തീകരിച്ചാൽ ജടായുപ്പാറയിലെ പ്രകൃതി ഭംഗിയിലൂടെ സാഹസികമായ ട്രെക്കിംഗും ഒരുക്കിയിട്ടുണ്ട്. ഫുഡ് കോർട്ട് അടക്കമുള്ള എല്ലാവിധ സൗകര്യങ്ങളും പാർക്കിനുള്ളിൽ സജ്ജമാണ്. പത്ത് പേരിൽ ആരംഭിക്കുന്ന ഗ്രൂപ്പുകൾക്കാണ് ജടായു അഡ്വഞ്ചർ പാർക്കിൽ ഒരു ദിവസം ചിലവഴിക്കാൻ അവസരമുള്ളത്. മുൻകൂട്ടിയുള്ള ബുക്കിംഗിലൂടെയാണ് സഞ്ചാരികൾ അഡ്വഞ്ചർ പാർക്കിൽ തങ്ങളുടെ ദിവസം ഉറപ്പിക്കേണ്ടത്. ഐ ടി കമ്പിനികൾക്കും കോർപ്പറേറ്റുകൾക്കും ടീം ബിൽഡിംഗ് ആക്ടിവിറ്റീസും ഗ്രൂപ്പ് ട്രെയിനിഗും എല്ലാം സംഘടിപ്പിക്കാൻ ഇതിലും മികച്ചൊരു പാർക്ക് വേറെയില്ല തന്നെ.

ജടായുപ്പാറയിൽ ഒരുങ്ങിയിരിക്കുന്ന ജടായു എർത്ത് സെൻർ എന്ന ടൂറിസം പ്രോജക്ടിന്റെ ഒരുഭാഗമാണ് ജടായു അഡ്വഞ്ചർ പാർക്ക്. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം എന്ന ഖ്യാതിയുള്ള ജടായു പക്ഷി ശില്പത്തെ കേന്ദ്രീകരിച്ച് തയാറാകുന്ന ജടായു എർത്ത് സെന്റർ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ചലച്ചിത്രകാരൻ രാജീവ് അഞ്ചൽ രൂപകല്പന ചെയ്തിരിക്കുന്ന ഈ ടൂറിസം പ്രോജക്ട് ഈ വർഷത്തിലെ ചിങ്ങത്തിൽ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. അതിനു മുമ്പായി തന്നെ ജടായു അഡ്വഞ്ചർ പാർക്ക് സഞ്ചാരികളുടെ
സംഘങ്ങൾക്ക് സന്ദർശിക്കാവുന്നതും അനുഭവിക്കാൻ കഴിയുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക്.
www.jatayuearthscenter.com
