ചടയമംഗലത്ത് 65 ഏക്കർ വിസ്തൃതമായ പാറക്കെട്ടിലാണ് കേരളത്തിലെ ഏറ്റവും വലിയ ബിഒടി ടൂറിസം പ്രോജക്ടായ ജടായു എർത്ത് സെ്ന്റർ ഒരുങ്ങുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 750 അടി ഉയരമുണ്ട് ജടായുപ്പാറയ്ക്ക്. അതിന് മുകളിലാണ് 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുള്ള ജടായുപക്ഷി ശില്പം ഒരുങ്ങുന്നത്. ഈ ശിലപത്തിലേക്ക് എത്താൻ ഒരു കിലോമീറ്റർ ദൂരം റോപ് വേ ഒരുക്കിയിരിക്കുന്നു. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാറക്കൂട്ടങ്ങളും താഴവരകളും പിന്നിട്ട് റോപ് വേയിലൂടെ ശില്പത്തിന് സമീപമെത്തുമ്പോൾ ലോകത്തിന്റെ ഉയരത്തിലേക്ക് കടന്നതുപോലെ തോന്നും ഒരു സഞ്ചാരിക്ക്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജടായുപ്പാറയിലെത്തിയപ്പോള്‍ ഓര്‍മ്മകളിലെത്തിയത് വേറൊരു കൊടുമുടിയായിരുന്നു. സിനിമയുടെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഓസ്‌കാർ. ഓസ്‌കറിലേക്ക് പോയ മലയാളത്തിന്റെ ആദ്യത്തെ ഇന്ത്യൻ ഒഫിഷ്യൽ എൻട്രി ഗുരുവിനെക്കുറിച്ചും ഓര്‍ത്തു. സൂപ്പർതാര കൊമേഴ്‌സ്യൽ സിനിമകൾ നിറഞ്ഞു നിന്ന തൊണ്ണൂറുകളുടെ അവസാനം ലോകനിലവാരമുള്ള ഗുരു പോലെയൊരു ചിത്രം മലയാളത്തിന് അത്ഭുതം തന്നെയായിരുന്നു. ഫാന്റസിയുടെ അതുവരെ കാണാത്ത കാഴ്ച. ഗുരു പിറന്നിട്ട് 20 വർഷങ്ങൾ.
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കുള്ളിൽ കണ്ണും മനസും മുറുകെയടച്ച് ജീവിക്കുന്ന സമൂഹത്തിനെ പുതിയ കാഴ്ചപ്പാടിലേക്ക് കണ്ണുതുറപ്പിക്കുന്നതായിരുന്നു രാജീവ് അഞ്ചലിന്റെ ഗുരു. ലോകമെമ്പാടും മതത്തിന്റെ പേരിൽ രക്തച്ചൊരിച്ചിൽ തുടരുമ്പോൾ ഗുരു വീണ്ടും വീണ്ടും പ്രസക്തമാകുന്നു.
ഗുരുവൊരുക്കിയ ആ ചലച്ചിത്രകാരൻ എവിടെയെന്നതിന്‍റെ ഉത്തരമാണ് ജടായുപ്പാറ പറഞ്ഞുതരുന്നത്. ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഗുരുവൊരുക്കി ഓസ്കാറിനടുത്തേക്ക് നടന്ന അതേ രാജീവ് അഞ്ചല്‍ തന്നെയാണ് ജടായുപ്പാറയില്‍ ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം ഒരുക്കി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡിലേക്ക് നടക്കാനൊരുങ്ങുന്നത് എന്നോര്‍ത്തപ്പോള്‍ കൗതുകം തോന്നി.
ഈ ഭീമൻ കോൺക്രീറ്റ് ശില്പത്തിന്റെ ഉൾവശം കാഴ്ചകളുടെ പറുദിസയാണ്. ജടായു എന്ന പുരാണ കഥാപാത്രത്തെ ഉൾക്കൊള്ളുന്ന രാമായണ കഥയുടെ വിർച്വൽ റിയാലിറ്റി അനുഭവം. ജടായുവിന്റെ അറ്റുവീണ ചിറകിലൂടെ ഉള്ളിലേക്ക് സഞ്ചരിച്ച് പക്ഷിയുടെ കൊക്കിൽ വരെ കയറിചെല്ലാവുന്ന രീതിയിലാണ് ശില്പത്തിന്റെ നിർമ്മാണം. പക്ഷിയുടെ കണ്ണിലൂടെ പുറത്തെ കാഴ്ചകൾ കാണാം. പക്ഷിയുടെ ഇടത്തെ കണ്ണിലൂടെ നോക്കിയാൽ ദൂരെ അറബിക്കടൽ. വലത്തെ കണ്ണിലൂടെ നോക്കുമ്പോൾ സമീപദൃശ്യങ്ങള്‍. ഒരു ബേർഡ് ഐ വ്യു ഇംപാക്ടാണ് ഇവിടെ സഞ്ചാരിക്ക് ലഭിക്കുക.
കൂറ്റൻ ശില്പത്തിന് പിന്നാലെ ജടായു എർത്ത് സെന്ററിൽ അഡ്വഞ്ചർപാർക്ക്, സിദ്ധ കേവ് ഹീലിംഗ് സെന്റർ, റോക്ക് ട്രെക്കിംഗ് തുടങ്ങി നിരവധി വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. 2017ൽ ഈ പ്രോജക്ട് വിനോദ സഞ്ചാര മേഖലയ്ക്ക് സമ്മാനിക്കപ്പെടുമ്പോൾ ടൂറിസം രംഗത്ത് കേരളത്തിന്റെ പുതിയൊരു സാധ്യതയാണ് ഒരുങ്ങുക. മഴക്കാലത്തല്ലാതെ ഒരു തുള്ളിവെള്ളം ലഭിക്കാത്ത പാറക്കെട്ടിൽ വിനോദ സഞ്ചാര കേന്ദ്രം നിർമ്മിക്കാൻ ഇറങ്ങിയപ്പോൾ രണ്ട് കാര്യങ്ങൾ പ്രധാന ചോദ്യമായിരുന്നു. വേനൽക്കാലത്ത് എങ്ങനെ കൂറ്റൻ പാറയുടെ മുകളിൽ വെള്ളമെത്തിക്കും?. അതും എത്രയെന്ന് വെച്ച് എത്തിക്കും?. കേരളം ഇന്നുവരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത ഒരു ബിഒടി ടൂറിസം പ്രോജക്ടിന് നിക്ഷേപകരെ എവിടെ നിന്നും ലഭിക്കും?. രണ്ടിനും രാജീവ് അഞ്ചൽ പരിഹാരം കണ്ടെത്തി. കുറ്റൻ പാറക്കെട്ടിൽ വലിയൊരു ചെക്ക് ഡാം ഒരുക്കിക്കൊണ്ട് അദ്ദേഹം വെള്ളപ്രശ്നത്തിന് പരിഹാരം കണ്ടു.

രണ്ട് പാറക്കെട്ടുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഒരുക്കിയ മഴവെള്ള സംഭരണിയിൽ നിന്നും വർഷം മുഴുവനും ഈ വലിയ ടൂറിസം പ്രോജക്ടിന് ഉപയോഗിക്കാൻ കഴിയുന്ന വെള്ളം ലഭിക്കുന്നു. വെള്ളം നിർലോഭം ലഭിച്ചപ്പോൾ 65 ഏക്കർ പാറക്കെട്ട് സസ്യജാലങ്ങളുടെ വളർച്ചയ്ക്ക് പാകമായി. പിന്നെ ഔഷധ സസ്യത്തോട്ടം നിറഞ്ഞ പ്രദേശമായി ജടായുപ്പാറ. അതോടെ പക്ഷികളും മറ്റു ജീവജാലങ്ങളും ഇവിടേക്ക് കൂടുമാറി. ഇവയെ സംരക്ഷിച്ചുകൊണ്ടാണ് രാജീവ് അഞ്ചൽ ഈ പ്രോജക്ട് സാധ്യമാക്കിയത് എന്നതാണ് ജടായു എർത്ത് സെന്റർ എന്ന പേര് അന്വർഥമാകുന്നത്.
ബിഒടി വ്യവസ്ഥിതിയിലുള്ള പ്രോജകട് മുമ്പോട്ടു പോകുമ്പോൾ കോടികളുടെ നിക്ഷേപം എങ്ങനെ എന്ന രണ്ടാമത്തെ പ്രശ്‌നവും പരിഹരിക്കാൻ രാജീവ് അഞ്ചലിന് ധൈര്യമുണ്ടായിരുന്നു. എൺപതോളം എൻ.ആർ.ഐ നിക്ഷേപകർ ഈ ടൂറിസം പ്രോജക്ടിൽ ആകൃഷ്ടരായി എത്തി. പ്രോജക്ട് ഒന്നാംഘട്ടം പിന്നിടുമ്പോൾ കൂടുതൽ നിക്ഷേപകർ ഈ ടൂറിസം പ്രോജക്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
ചിറകറ്റുവീണിടത്തു നിന്നും ജടായു ഉയിര്‍ക്കുകയാണ്. സഞ്ചാരികള്‍ക്ക് കാഴ്ചകളുടെ വിരുന്നൊരുക്കാന്‍.
