തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന 60 വയസ്സുകാരനായ കുഞ്ഞുകൃഷ്ണനെ കാണാതായി. രണ്ട് ദിവസം മുൻപ് വാർഡിൽ നിന്നും കാണാതായ ഇദ്ദേഹത്തിനായി മകൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ രോഗിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയെ കാണാതായി. ഒന്നാം വാർഡിൽ ചികിത്സയിലായിരുന്ന 60 വയസ്സുകാരനെയാണ് കാണാതായത്. കൊല്ലം ഇടമൺ പുലരി, അനൂർ പുത്തൻ വീട്ടിൽ കുഞ്ഞുകൃഷ്ണനെയാണ് ആശുപത്രിയിൽ നിന്നും കാണാതായത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് മെഡിക്കൽ കോളേജ് ഒന്നാം വാർഡിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. രണ്ട് ദിവസം മുൻപ് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഇദ്ദേഹത്തെ വാർഡിൽ നിന്നും കാണാതായതെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.
കുഞ്ഞുകൃഷ്ണന്റെ മകൻ സുനിൽ കൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. എന്നാൽ രണ്ട് ദിവസമായിട്ടും രോഗിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കേരള പോലീസ് ആക്ട് 57-ാം വകുപ്പ് പ്രകാരം 0950/2026 നമ്പറിലായാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. മെഡിക്കൽ കോളേജ് എസ്.ഐ. (ഗ്രേഡ്) അനിൽകുമാർ എസിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്.


