ജീപ്പ് എന്ന ബ്രാന്‍ഡ് നാമം അടുത്തകാലത്തായി നമുക്ക് സുപരിചിതമാണ്. അമേരിക്കന്‍ ഐതിഹാസിക വാഹനനിര്‍മ്മാതാക്കളായ ജീപ്പിന്‍റെ കോംപസ് ഇന്ത്യന്‍വാഹന വിപണിയെ പിടിച്ചു കുലുക്കിയതോടെയാണ് ആ പേര് കൂടുതല്‍ പരിചിതമാകുന്നത്. ഓഫ്-റോഡിംഗിന്റെ കാര്യത്തില്‍ രാജാവാണ് ജീപ്പ്. കാലങ്ങളായി ജീപിന്റെ മുഖമുദ്രയാണ് ഓഫ്-റോഡിംഗ്. ചെളി പുരണ്ട് പരുക്കന്‍ ലുക്കില്‍ കുന്നും മലയും താണ്ടുന്ന ജീപ്പുകള്‍, ഓഫ്-റോഡ് പ്രേമികള്‍ക്ക് ലഹരിയാണ്.
കാലാകാലങ്ങളായി ഇന്ത്യക്കാര്‍ മഹീന്ദ്രയുടെ ചില മോഡലുകളെയാണ് ജീപ്പെന്ന് വിളിക്കുന്നത്. പുത്തന്‍ ജീപ്പായ കോംപസിന്‍റെ വരവോടെ ഇന്ത്യന്‍ പൊതുബോധത്തിലുള്ള ജീപ്പായ മഹീന്ദ്രയുടെ പലമോഡലുകളുടെയും ഭാവി ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അടിതെറ്റിയാല്‍ ആനയും വീഴുമെന്ന പ്രയോഗം ജീപ്പിനും ബാധകമാണെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ. ചെളിയില്‍ കുടുങ്ങിയ ജീപ്പ് മോഡലായ റാംഗ്ലറിനെ വലിച്ച് കയറ്റുന്ന മഹീന്ദ്ര ഥാറിന്റെ ദൃശ്യങ്ങളാണ് ജീപ്പ് ആരാധകരെ നിരാശപ്പെടുത്തുന്നത്.
എറണാകുളത്ത് ഭൂതത്താന്‍ കെട്ടിലെ മഡ്‌ഫെസ്റ്റിനിടയിലാണ് സംഭവം. റേസിംഗിനിടെ ചെളിയില്‍ താണ റാംഗ്ലര്‍ പുറത്തുകടക്കാന്‍ വിഷമിച്ചു. ഇരു ടയറുകളും മണ്ണില്‍ പുതഞ്ഞു പോയ വാഹനം മുന്നോട്ടെടുക്കാന്‍ ഡ്രൈവര്‍ പഠിച്ചപണി പതിനെട്ടും പയറ്റിയെങ്കിലും വിജയിച്ചില്ല. 197 bhp കരുത്തും 460 Nm ടോര്‍ക്കും 2.8 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനുമുള്ള ജീപ് റാംഗ്ലറിനെ പുറത്തെടുക്കാന്‍ കേവലം 105 bhp കരുത്തും 247 Nm ടോര്‍ക്കും 2.5 ലിറ്റര്‍ CRDe എഞ്ചിനും മാത്രമുള്ള മഹീന്ദ്ര ഥാര്‍ തന്നെ വരേണ്ടി വന്നു എന്നതാണ് രസകരം.
ഒടുവില്‍ ഏത് ദുഷ്കര സാഹചര്യവും മറികടക്കാൻ റാംഗ്ലറിന് പറ്റുമെന്ന ജീപ്പ് ആരാധകരുടെ വിശ്വാസത്തെ തകര്‍ത്ത് ഥാര്‍ റാംഗ്ലറിനെ വലിച്ചു കയറ്റുകയായിരുന്നു. ഓഫ്-റോഡിംഗിനായി പ്രത്യേകം മോഡിഫൈ ചെയ്‍ത മഹീന്ദ്ര ഥാറാണ് റാംഗ്ലറിന്റെ രക്ഷയ്ക്ക് എത്തിയത്.
എന്നാല്‍ യാതൊരു വിധ കസ്റ്റമൈസേഷനും കൂടാതെ കമ്പനി പതിപ്പില്‍ തന്നെ ജീപ് റാംഗ്ലര്‍ മഡ് ഫെസ്റ്റില്‍ പങ്കെടുത്തതാണ് ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചതെന്നാണ് ജീപ്പ് പ്രേമികള്‍ പറയുന്നത്. റാംഗ്ലര്‍ ഓടിച്ചിരുന്നയാള്‍ക്ക് ഓഫ്-റോഡ് ഡ്രൈവിംഗിലുള്ള പരിചയക്കുറവും കാരണമായി ചൂണ്ടിക്കാട്ടുന്ന ജീപ്പ് ആരാധകര്‍, മഡ് ടെറെയ്ന്‍ ടയറുകള്‍ ഉള്‍പ്പെടെയുള്ള മോഡിഫൈ ചെയ്‍ത ഥാറിന്‍റെ പ്രത്യേകതകളും എടുത്തുപറയുന്നു. എന്തായാലും ഈ വീഡിയോ കാണാം.

