Asianet News MalayalamAsianet News Malayalam

'ഇരു കൈകളുമില്ല, വളയം പിടിക്കാന്‍ കാലുണ്ട്'; ജിലു ഇന്ന് മുതല്‍ കാറോടിക്കും, ലൈസന്‍സ് കിട്ടി!

ആറ് വര്‍ഷത്തെ കഠിന ശ്രമങ്ങളിലൂടെയാണ് ഡ്രൈവിങ്ങിനെ ജിലു വരുതിയിലാക്കിയത്.

jilumol first woman in asia to get driving license without both hands joy
Author
First Published Dec 2, 2023, 12:49 PM IST

പാലക്കാട്: കൈകളില്ലെങ്കിലും കാലുകള്‍ ഉപയോഗിച്ച് ഡ്രൈവിങ് പഠിച്ച ഇടുക്കി സ്വദേശിനി ജിലുമോള്‍ക്ക് ലൈസന്‍സ് കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ഭിന്ന ശേഷി കമ്മീഷനാണ് ജിലുമോള്‍ക്ക് വണ്ടി ഓടിക്കാനുള്ള നിയമപരവും സാങ്കേതികവുമായ എല്ലാ തടസങ്ങളും മാറ്റി ലൈസന്‍സ് ലഭിക്കുന്നതിലേക്ക് ഇടപെട്ട് പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തൊടുപുഴ കരിമണ്ണൂര്‍ നെല്ലാനിക്കാട്ട് പരേതരായ എന്‍.വി തോമസ് അന്നക്കുട്ടി ദമ്പതികളുടെ ഇളയമകളായ ജിലുമോള്‍ ഇരുകൈകളുമില്ലാതെയാണ് ജനിച്ചത്. ആറ് വര്‍ഷത്തെ കഠിന ശ്രമങ്ങളിലൂടെയാണ് ഡ്രൈവിങ്ങിനെ ജിലു വരുതിയിലാക്കിയത്. ഡ്രൈവിങ് പഠനം കഴിഞ്ഞ് ലൈസന്‍സിനായി അപേക്ഷിച്ചപ്പോള്‍ നിയമപരമായ തടസങ്ങള്‍ നേരിടേണ്ടി വന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു അനുകൂല ഉത്തരവ് നേടി. ശേഷം കാറില്‍ രൂപ മാറ്റം വരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശവും ലഭിച്ചു. രൂപമാറ്റം വരുത്തിയ കാറില്‍ കാലുകള്‍ ഉപയോഗിച്ച് വാഹനം നിയന്ത്രിക്കാന്‍ പഠിച്ചെങ്കിലും നിയമപരമായ തടസങ്ങള്‍ വീണ്ടും വില്ലനായി. ഒടുവില്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍ ഇടപെട്ടാണ് ജിലുമോളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. മാരുതി കാറില്‍ കാലുകള്‍ മാത്രം ഉപയോഗിച്ച് ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന വിധം ആവശ്യമായ വോയിസ് കണ്‍ട്രോള്‍ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കി.

മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞത്: പാലക്കാട്ടെ നവകേരള സദസില്‍ പങ്കെടുക്കാനെത്തിയ ജിലു മോള്‍ എന്ന  മിടുക്കിയായ യുവതിയെ പരിചയപ്പെട്ടു. ഇരു കൈകളുമില്ലാതെ ഏഷ്യയില്‍ ആദ്യമായി ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കുന്ന വ്യക്തിയാണ് ജിലു മോള്‍. ഇന്നത്തെ സദസ്സില്‍ വെച്ച്   ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ജിലുമോള്‍ക്ക് ലൈസന്‍സ് കൈമാറി. മാരുതി കാറില്‍ കാലുകള്‍ മാത്രം ഉപയോഗിച്ച് ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന വിധം ആവശ്യമായ വോയിസ് കണ്‍ട്രോള്‍ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കിയിരിക്കുകയാണ്. വി ഐ ഇന്നവേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ വിമല്‍കുമാറിന്റെ നേതൃത്വത്തിലാണ് വാഹനത്തിലെ വോയിസ് കണ്‍ട്രോള്‍ സംവിധാനം സജ്ജമാക്കിയത്. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ പഞ്ചാപകേശന്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു. ലോകത്ത് രണ്ട് കൈകളും ഇല്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ജിലുമോള്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട ജിലു മോള്‍ ഏത് പ്രതിസന്ധിയും തരണം ചെയ്ത് മുന്നോട്ട് പോകാന്‍ കഴിയുമെന്ന ഇച്ഛാശക്തിയുടെ ഉദാഹരണമാണ്. ജിലു മോളുടെ ജീവിതത്തെ സഹായിക്കാനും, ഇത്തരം വ്യക്തികള്‍ക്ക് സഹായം നല്‍കുന്ന തരത്തിലേക്ക് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി  വിവിധ ശേഷിയും കഴിവുകളും ഉള്ള മനുഷ്യരെ സഹായിക്കാന്‍ ശ്രമിക്കുന്ന വിമല്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ജിലു മോള്‍ക്ക് അഭിനന്ദനങ്ങള്‍..

നവകേരള സദസില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി 

 

Latest Videos
Follow Us:
Download App:
  • android
  • ios