ഷ്യാനെറ്റ് ന്യൂസിലെ മുതിർന്ന പ്രൊഡ്യൂസറായ ജോസേട്ടന്റെ പാചകം സഹപ്രവർത്തകർക്കിടയിൽ പ്രശസ്തമാണ്. മീനും മാംസവും പഴവും പച്ചക്കറിയുമെല്ലാം ജോസേട്ടൻ ടച്ചിൽ വേറിട്ട രുചികളാകും. സാധാരണ വിഭവങ്ങളല്ല ജോസേട്ടൻ ഉണ്ടാക്കുക, എന്തെങ്കിലും ഒരു പ്രത്യേകതയുണ്ടാകും. അപ്പപ്പോഴുള്ള മനോധർമ്മം അനുസരിച്ച് പുതിയ രുചിക്കൂട്ടുകൾ തത്സമയം രൂപപ്പെടും. ഓറഞ്ച് ബുർജി, ബീഫ് സാമ്പാർ, മീൻ പയറ് കറി, വാഴക്കായ കൂന്തൽ കറി.. അങ്ങനെ ജോസേട്ടൻ പാകത്തിൽ എത്ര പുത്തൻ രുചികൾ..

സിനിമാ, സാംസ്കാരിക, സാഹിത്യ മേഖലകളിലെല്ലം വിപുലമായ സുഹൃത്‍സംഘമുള്ള ജോസേട്ടന്റെ, ചങ്ങാതിമാരെല്ലാം ഒരിക്കലെങ്കിലും ജോസേട്ടൻ രുചികളുടെ മാജികും അറഞ്ഞിട്ടുണ്ടാകും. പൊൻമുടിക്കടുത്ത് കല്ലാറിന്‍റെ തീരത്തേക്കാണ് ഇത്തവണ ജോസേട്ടനോടൊപ്പം പോയത്. വീഡിയോ എഡിറ്റർ ജോണും ക്യാമറാമാൻമാരായ മിൽട്ടനും രാജീവും ഒപ്പമുണ്ട്. ജോണും ഒന്നാംതരം പാചകക്കാരനാണ്. കല്ലാറ്റിൻ കരയിൽ മീൻ പൊള്ളിക്കാൻ പോകുന്നു എന്നറിഞ്ഞ് ഡ്യൂട്ടി സമയം ക്രമീകരിച്ച് ഒപ്പം കൂടിയതാണ്.

പോകുംവഴി പാളയത്ത് നിന്ന് തിരുവനന്തപുരത്തുകാർ വെളമീൻ എന്നുവിളിക്കുന്ന മത്സ്യം ഒരു കിലോഗ്രാം വാങ്ങി. കത്തിയും ഇടികല്ലും ചട്ടിയും പാചകത്തിനുള്ള അത്യാവശ്യം മസാലക്കൂട്ടുകളുമെല്ലാം ഒരു തുണിസഞ്ചിയിലാക്കി ജോസേട്ടൻ കരുതിയിരുന്നു. കാട്ടിലേക്കാണ് യാത്ര, പ്ലാസ്റ്റിക് വസ്തുക്കളൊന്നും കൂടെ കരുതരുതെന്നും നിർദ്ദേശിച്ചിരുന്നു. നെടുമങ്ങാട് നിന്ന് രണ്ട് കെട്ട് വിറകും വാങ്ങി വണ്ടിയുടെ ഡിക്കിയിലിട്ടു.

ജോസേട്ടന്‍റെ സുഹൃത്തുക്കളായ കഥാകൃത്തും പരിഭാഷകനും പ്രകൃതിസ്നേഹിയും ഒക്കെയായ വിനയകുമാർ ചേട്ടന്‍റേയും ആലീസ് ടീച്ചറുടേയും വീടിനടുത്ത് ലൊക്കേഷൻ കണ്ടുവച്ചിരുന്നു. പോകുംവഴി മലമുകളിൽ മഴക്കാറ് കണ്ട് ഇത്തിരി ശങ്കിച്ചു. സ്ഥലമെത്തിയപ്പോൾ നേരിയ മഴ പൊഴിയുന്നുണ്ടെങ്കിലും പെട്ടെന്ന് അതുമാറി. 

കുത്തുകല്ലുകളിറങ്ങി കല്ലാറിന്റെ കരയിലെ മണൽത്തിട്ടയിലെത്തി. കാടിന്റെ. അതിരാണ്, കുറ്റാക്കുറ്റിരുട്ട്, ചീവീടുകളുടേയും രാപ്പക്ഷികളുടേയും പിന്നെ കല്ലാർ ഒഴുകുന്ന ശബ്ദവുമ മാത്രം. കയ്യിൽ കരുതിയ ഒന്ന് രണ്ട് സോളാർ റാന്തലുകളുടെ വെളിച്ചത്തിൽ അടുപ്പ് കൂട്ടി, ക്യാമറകളും ഒരുക്കി. അടുത്തുകണ്ട കുരുമുളക് കൊടിയിൽ നിന്ന് ജോസേട്ടൻ കുറച്ച് കുരുമുളക് പറിച്ചുകൊണ്ടുവന്നു. ഇഞ്ചിയും വെളുത്തുള്ളിയും ഞങ്ങൾ കരുതിയിരുന്നു. നോക്കിനിൽക്കുമ്പോൾ വെള്ളം ഉയരുന്ന ആറാണ് സൂക്ഷിക്കണം എന്ന് വിനയകുമാർ ചേട്ടൻ പറയുന്നുണ്ടായിരുന്നു. വെള്ളത്തിന് അഞ്ചാറടി ഇപ്പുറത്ത് കുറച്ച് വിറകിട്ട് കത്തിച്ചു. പതിയെ വെള്ളം ഉയർന്നാൽ ആ വെട്ടം അണയുമല്ലോ... ഒരു സുരക്ഷാ ഇൻഡിക്കേറ്റർ.

ആറ്റുവക്കത്തെ പാറയിൽ മീൻ ഉരച്ചുകഴുകി വൃത്തിയാക്കി ജോസേട്ടനും ജോണും പാചകം തുടങ്ങി... കുഴിയിൽ കനൽ നിറച്ച് കനലിലിട്ട് പൊള്ളിച്ച മീൻ... പച്ചക്കുരുമുളകിട്ട് പൊള്ളിച്ച ആ മീൻ വിഭവത്തിന്റെ രുചി പോലെ തന്നെ ഹൃദ്യമായിരുന്നു പാതിരാത്രി ആറ്റുവക്കത്ത് ജോസേട്ടൻ മീൻ പാചകം ചെയ്യുന്ന കാഴ്ചയും... ജോസേട്ടന്‍റെ രുചിവിരുതിന്‍റെ കൊതിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണാം...