സുരേഷ് ഗോപി എം പി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ സർക്കാറാണ് അന്വേഷിച്ച് നടപടിയെടുക്കേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. സുരേഷ് ഗോപിയുടെ കാർ പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്ത് 17 ലക്ഷം രൂപയോളം നികുതി വെട്ടിച്ചു എന്ന ആരോപണത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരേന്ദ്രന്.
സുരേഷ് ഗോപി കാർ വാങ്ങിയിട്ട് ഏറെ നാളായി. അതിൽ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് കണ്ടുപിടിക്കേണ്ടത് സർക്കാറാണ്. കള്ളക്കടത്ത് കേസ് പ്രതിയുടെ കാറിൽ കോടിയേരി ബാലകൃഷ്ണൻ കയറിയത് വിവാദമായത് മറയ്ക്കാനാണ് ഇപ്പോൾ സുരേഷ് ഗോപിയുടെ കാർ വിവാദമാക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കഴിഞ്ഞ വര്‍ഷമാണ് സുരേഷ് ഗോപിയുടെ ആഢംബര കാര്‍ വിവാദങ്ങളിലേക്ക് കടന്നുവന്നത്. 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യൂ 7ന് സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതാണ് വിവാദമായത്. എന്നാല്‍ തനിക്ക് പോണ്ടിച്ചേരിയില്‍ അഡ്രസുണ്ടെന്നും അതിനാല്‍ കുഴപ്പമില്ലെന്നും എംഎല്‍എയായ മുകേഷിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും പോണ്ടിച്ചേരിയിലാണെന്നുമായിരുന്നു അന്ന് സുരേഷ് ഗോപിയുടെ പ്രതികരണം.
