പൊലീസിന്‍റെ വാഹന ചെക്കിംഗില്‍ പെടാത്തവരായി ആരും ഉണ്ടാകില്ല. പലപ്പോഴും പൊലീസുകാരെ മനസില്‍ ശപിക്കുകായിരിക്കും ഇത്തരം ചെക്കിംഗുകളില്‍ ഇരകളാകുന്ന പലരും. എന്നാല്‍ രാത്രിയിൽ ഉറക്കമൊഴിച്ച് അവർ നടത്തുന്ന വാഹനപരിശോധന നമ്മുടെ കൂടി സുരക്ഷയെക്കരുതിയാണെന്ന് ആരും ഓർക്കാറില്ല. മദ്യപിച്ചും ഹെൽമെറ്റില്ലാതെയുമൊക്കെ വാഹനമോടിച്ചാൽ ഉണ്ടാകാനിടയുള്ള അപകടങ്ങൾ ഇല്ലാതാക്കാനാണ് പലപ്പോഴും പൊലീസിന്‍റെ ഇത്തരം നടപടികള്‍. എന്നാല്‍ പലപ്പോഴും വെറുതെ 'ഊതിക്കുന്ന'വര്‍ എന്ന രീതിയില്‍ പൊലീസിനെ മാറി നിന്ന് പരിഹസിക്കുകയാണ് നമ്മളില്‍ പലരുടെയും പതിവ്.

എന്നാലിതാ പൊലീസിൽ നിന്ന് ഉണ്ടായ ഒരു നല്ല അനുഭവം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ജോൺ മത്തായി സാബു എന്നയാള്‍. കൊച്ചിയിൽ നിന്ന് കോട്ടയത്തേയ്ക്കുള്ള യാത്രക്കിടയിലുണ്ടായ ഈ അനുഭവത്തിന്‍റെ വീഡിയോ ആണ് ജോണ്‍ ഫേസ് ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ആലപ്പുഴ മാങ്കൊമ്പിലെത്തിയപ്പോഴായിരുന്നു സംഭവം. പാതയോരത്ത് വാഹനങ്ങളെ തടഞ്ഞു നിർത്തി ചുക്കുകാപ്പി നല്‍കുന്ന പൊലീസ് സംഘത്തെയാണ് ഇവര്‍ കണ്ടത്. രാത്രി 12 മണിക്കായിരുന്നു വാഹനങ്ങളുടെ ഡ്രൈവർമാര്‍ ഉറങ്ങാതിരിക്കാന്‍ ഉറക്കമൊഴിച്ചുള്ള പൊലീസിന്‍റെ ചുക്കുകാപ്പി വിതരണം. അതുവഴി പോകുന്ന എല്ലാ വാഹനങ്ങളിലെയും യാത്രക്കാർക്ക് പൊലീസുകാർ ചുക്ക് കാപ്പി നൽകുന്നുണ്ടായിരുന്നു.

ഇത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്നു പറഞ്ഞാണ് ഇവര്‍ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ ഇപ്പോള്‍ നിരവധിയാളുകള്‍ കണ്ടുകഴിഞ്ഞു. പൊലീസിന്‍റെ നടപടിയെ അഭിനന്ദിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്.