ഒഴിവുകാലം ചെലവഴിക്കാന്‍ ഇന്ത്യയില്‍ ഏറ്റവും അനുയോജ്യമായ സംസ്ഥാനമെന്ന നേട്ടവുമായി കേരളം. ഇതിനുള്ള സീ ബിസിനസ് ട്രാവല്‍ പുരസ്കാരത്തിന് കേരളത്തെ തെരെഞ്ഞെടുത്തു.

തിരുവനന്തപുരം: ഒഴിവുകാലം ചെലവഴിക്കാന്‍ ഇന്ത്യയില്‍ ഏറ്റവും അനുയോജ്യമായ സംസ്ഥാനമെന്ന നേട്ടവുമായി കേരളം. ഇതിനുള്ള സീ ബിസിനസ് ട്രാവല്‍ പുരസ്കാരത്തിന് കേരളത്തെ തെരെഞ്ഞെടുത്തു. ദില്ലി ഒബ്റോയ് ഹോട്ടലില്‍ കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ അല്‍ഫോന്‍സ് കണ്ണന്താനം, മൗറീഷ്യസ് ടൂറിസം മന്ത്രി ശ്രീ അനില്‍ കുമാര്‍സിംഗ് ഗയാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസം പ്രതിനിധി ശ്രീ സൂരജ് പി കെ പുരസ്കാരം ഏറ്റുവാങ്ങി.

ഇന്ത്യന്‍ വിനോദ സഞ്ചാരമേഖലയെ ഉത്തരവാദിത്തത്തോടെ ഔന്നത്യങ്ങളിലേയ്ക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സീ ബിസിനസ് ട്രാവല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയില്‍ പ്രതിഭകള്‍ക്ക് ഒരൂ കുറവുമില്ലെന്നും അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് പുരസ്കാര ജേതാവിനെ കണ്ടെത്തുക ദുഷ്കരമായിരുന്നുവെന്നും സീ ബിസിനസ് ട്രാവല്‍ അവാര്‍ഡ് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. പക്ഷേ നല്ലതില്‍നിന്നു നല്ലതിനെ തെരഞ്ഞെടുക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു.

സംസ്ഥാനം പ്രളയത്തെ അതിജീവിച്ച് തിരിച്ചുവരുന്ന സമയത്തിന് അനുയോജ്യമായ രീതിയിലാണ് കേരള ടൂറിസം അവാര്‍ഡിന് അര്‍ഹമായിരിക്കുന്നതെന്ന് സംസ്ഥാന ടൂറിസം വകുപ്പുമന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഈ അവാര്‍ഡ് അന്വര്‍ഥമാക്കുന്ന തരത്തിലാണ് കേരളം മലബാറിലെ പുഴകള്‍ കേന്ദ്രീകരിച്ച് ജലയാത്രാ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിജീവനത്തിന്‍റെ പാതയില്‍ നില്‍ക്കുന്ന കേരള ടൂറിസത്തിന് ഈ അവാര്‍ഡ് ആവേശം പകരുമെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് ഐഎഎസ് പറഞ്ഞു.രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനമാണ് കേരളത്തിന് പുരസ്കാരം സമ്മാനിച്ചിരിക്കുന്നത് എന്നത് എടുത്തു പറയത്തക്ക സവിശേഷതയാണെന്ന് സംസ്ഥാന ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാലകിരണ്‍ ഐഎഎസ് ചൂണ്ടിക്കാട്ടി. നൂതനമായ ടൂറിസം പ്രചരണത്തിന്‍റെ പേരില്‍ കേരള ടൂറിസം ഈ മാസാദ്യം പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റാ) രണ്ട് സുവര്‍ണ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു.