ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ കിയ അടുത്തമാസം നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ വരവില്‍ ചെറു കാറുകളുമായാണ് കിയ ഇന്ത്യയിലെത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ഡസ്റ്ററിനും എതിരെയുള്ള കിയയുടെ കോമ്പാക്ട് എസ്‌യുവിയായ കിയ എസ്പി കോണ്‍സെപ്റ്റ് ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ മോഡലിന്‍റെ ഔദ്യോഗിക വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ എസ്പി കോണ്‍സെപ്റ്റ് എത്തിയേക്കും. അഗ്രസീവ് എല്‍ഇഡി ടെയില്‍ ലൈറ്റുകളും, ടെയില്‍ഗേറ്റിന് കുറുകെയുള്ള ക്രോം സ്‌ട്രൈപും കിയ എസ്പി കോണ്‍സെപ്റ്റിന്റെ ഡിസൈന്‍ സവിശേഷത.

പിക്കാന്റോ ഹാച്ച്ബാക്ക്, റിയ പ്രീമിയം ഹാച്ച്ബാക്ക്, സ്‌പോര്‍ടേജ് എസ്‌യുവി, സെറാറ്റോ സെഡാന്‍, ഒപ്റ്റിമ പ്രീമിയം സെഡാന്‍, സൊറന്റോ ഫുള്‍സൈസ് എസ്‌യുവി, സ്‌പോര്‍ടി സ്റ്റിംഗര്‍ സെഡാന്‍ മോഡലുകളെയും കൂട്ടുപിടിച്ചാണ് കിയ ഇന്ത്യയിലെത്തുന്നത്.

16 ഇലക്ട്രിക് വാഹനങ്ങളുമായി 2019ലാണ് ഇന്ത്യൻ വിപണിയിലെയ്ക്ക് ഇവർ എത്തുന്നതെന്നായിരുന്നു ആ ദ്യറിപ്പോര്‍ട്ടുകള്‍. ഈ വാഹനങ്ങള്‍ 2025-ഓടെ ആഗോളതലത്തില്‍ കൊണ്ടുവരും. 2020-ഓടെ ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിളും കിയ വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോർട്ട്.

കിയ മോട്ടോഴ്സിന്റെ ഭാവി മൊബിലിറ്റി വിഷന്‍ 2018-ലെ ഉപഭോക്തൃ ഇലക്ട്രോണിക്സ് ഷോയിൽ അവതരിപ്പിക്കും. ആന്ധ്രാപ്രദേശിൽ വാഹന നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കാന്‍ കിയ മോട്ടോഴ്സ് 110 കോടി ഡോളര്‍ പ്രഖ്യാപിച്ചിരുന്നു.

ഈ പ്ലാന്റിൽ പ്രതിവര്‍ഷം മൂന്നു ലക്ഷം കാറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്. കമ്പനി 2019-ന്റെ പകുതിയോടെ ഇന്ത്യന്‍ വിപണിയിലേക്കായി കോംപാക്ട് സെഡാനും കോംപാക്ട് എസ്.യു.വി.യും നിര്‍മ്മിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.