ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെയാണ് ഇക്കഴിഞ്ഞ ജൂലൈ 31 ന് ജീപ്പ് കോംപസ് ഇന്ത്യയിലെത്തിയത്. ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത ജീപ്പെന്ന പ്രത്യേകതക്കൊപ്പം ബേസ് മോഡലിന് 14.95 ലക്ഷം രൂപയെന്ന വിലയും അമേരിക്കന്‍ ഐക്കണിക്ക് ബ്രാന്‍റിനെ വാഹനപ്രേമികള്‍ നെഞ്ചേറ്റുന്നതിന് ഇടയാക്കി. മികച്ച ബുക്കിംഗ് നേടി മുന്നേറുന്നതിനിടയില്‍ ഇപ്പോഴിതാ ജീപ്പ് കോംപസിന്‍റെ ആദ്യത്തെ മോഡിഫൈഡ് വേര്‍ഷനും പുറത്തുവന്നിരിക്കുന്നു. കോയമ്പത്തൂർ ആസ്ഥാനമായ കിറ്റ്അപ് മോഡിഫിക്കേഷൻസ് എന്ന കമ്പനിയാണ് ഇന്ത്യയിലെ ആദ്യത്തെ മോഡിഫൈഡ് കോംപസിന് ജന്മം നല്‍കിയിരിക്കുന്നത്.

മനോഹരമായ വിധത്തില്‍ അടിമുടി മാറ്റങ്ങളുമായിട്ടാണ് കിറ്റ്അപ് കോംപസിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബോഡിയിലെ ചുവന്ന നിറവും ടോപ്പിലെ കറുത്ത നിറങ്ങളും പ്രധാന ആകര്‍ഷണങ്ങളാണ്. മുന്നിലെ ബമ്പറിന്റെ താഴെയുള്ള സ്കഫ് പ്ലെറ്റുകൾക്കും വാഹനത്തിന് ചുറ്റുമുള്ള ക്ലാഡിങ്ങുകൾക്കും ബോഡി കളർ തന്നെയാണ് കിറ്റ്അപ് നൽകിയിരിക്കുന്നത്. കൂടാതെ എൽഇഡി ഹെഡ്‌ലാമ്പുകളും ഫോഗ്‌ലാമ്പുകളും ഗ്രാന്റ് ചെറോക്കിയിലെ എസ്ആർടി ബാഡ്ജിങ്ങും നൽകിയിട്ടുണ്ട്. ഇന്റീരിയറിലും മ്യൂസിക്ക് സിസ്റ്റത്തിലും മാറ്റങ്ങൾ വരുത്തി. അലോയ് വീലിലു നിറം മാറ്റം വരുത്തിയിട്ടുണ്ട്. മാറ്റങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വവിരങ്ങള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ബേസ് മോഡലിന് 14.95 ലക്ഷം രൂപയാണ് ഒറിജിനല്‍ കോംപസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്. നേരത്തെ ഗ്രാന്റ് ചെറോക്കി, റാങ്ക്ളര്‍ മോഡലുകളുമായി 2016 ആഗസ്റ്റിലാണ് ജീപ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ ഇവയുടെ തൊട്ടാല്‍ പൊള്ളുന്ന വില ജീപ്പിനും വാഹനപ്രേമികള്‍ക്കും ഒരുപോലെ തിരിച്ചടിയായിരുന്നു. ഗ്രാൻഡ് ചെറോക്കീക്ക് ഒരു കോടിയോളം രൂപയും റാംഗ്ലറിന് 50 ലക്ഷത്തോളവും വിലവരും. അതിനാൽ തന്നെ ജീപ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ വാഹനമെന്ന പേര് കോംപസിന് സ്വന്തം.
ഫോർ ബൈ ഫോർ ഓഫ് റോഡ് ശേഷി, കിടയറ്റ ഓൺ റോഡ് ഡ്രൈവിങ് ഡൈനമിക്സ്, ഇന്ധനക്ഷമതയേറിയ പവർ ട്രെയ്ൻ, അത്യാധുനിക സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളുമെല്ലാം സഹിതമാണ് കോംപസിന്റെ വരവ്. സ്മോൾ വൈഡ് ആർക്കിടെക്ചർ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കോംപസിൽ മുൻ — പിൻ സ്ട്രട്ട് സംവിധാനത്തിൽ ഫ്രീക്വൻസി സെലക്ടീവ് ഡാംപിങ് സഹിതം സ്വതന്ത്ര സസ്പെൻഷനും കൃത്യതയാർന്ന ഇലക്ട്രിക് പവർ സ്റ്റീയറിങ്ങും എഫ് സി എ വാഗ്ദാനം ചെയ്യുന്നു.

