കൊച്ചി മെട്രോ ഒന്നാം വാര്‍ഷികത്തില്‍ യാത്ര സൗജന്യം

കൊച്ചി: കൊച്ചി മെട്രോയ്ക്ക് ഇന്ന് ഒരു വയസ്സ്. യാത്രാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും ജാലവിദ്യ ഒരുക്കിയും ഒക്കെയാണ് ഒരാഴ്ച നീളുന്ന ആഘോഷം. വിവിധ സാംസ്കാരങ്ങളുടെ കൂടിച്ചേരലുകൾ കൊണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പേ മെട്രോ പോളിറ്റനാണ് കൊച്ചി. പക്ഷേ 2017 ജൂൺ 17, കൊച്ചിക്ക് നൽകിയത് പുതിയൊരു മേൽവിലാസം,വേറിട്ട ഗ്ലാമർ. കൊച്ചിക്കാർ ആശിച്ചും മോഹിച്ചും മെട്രോ സ്വന്തമാക്കിയതിന്‍റെ ഒന്നാം വാർഷികവും ജനകീയ ആഘോഷമാക്കാനാണ് കെഎംആർഎൽ തീരുമാനം.

രാവിലെ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്‍റെ ടൈം ട്രാവൽ മാജിക്ക് ഷോ .മെട്രോ നടത്തിപ്പിന് ഒപ്പം നിന്ന കുടുംബശ്രീ, മെട്രോ സ്പെഷൽ പൊലീസ് തുടങ്ങിയ ജീവനക്കാർക്കും ആദരമൊരുക്കും.

ഉച്ചക്ക് ശേഷം സാംസ്കാരിക പരിപാടികൾക്കുള്ള സമയമാണ്. ഇടപ്പള്ളി ആലുവ മെട്രോ മഹാരാജസ് സ്റ്റേഷനുകളിലെ വേദിയിൽ നഗരത്തിലെ കോളേജ് വിദ്യാർത്ഥികളാകും അരങ്ങ് ഉണർത്തുക. മെട്രോ തുടങ്ങിയതിന്‍റെ വാർഷിക ദിനം വരുന്ന ചൊവ്വാഴ്ചയാണ്. ഇന്നേ ദിവസം കൊച്ചി മെട്രോ സൗജന്യമാണ്.