ഡീലര്‍ഷിപ്പില്‍ സര്‍വ്വീസ് ചെയ്യാന്‍ ഏല്‍പ്പിച്ച ബൈക്ക് മോഷണം പോയ സംഭവത്തില്‍ കെടിഎം ഡീലര്‍ഷിപ്പിന് 2.94 ലക്ഷം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി. ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ കോടതിയാണ് പിഴ വിധിച്ചത്. 2.19 ലക്ഷം രൂപ ബൈക്കിന്‍റെ വിലയായും 75,000 രൂപ നഷ്ടപരിഹാരമായും ഡ്യൂക്ക് ഉടമയ്ക്ക് നല്‍കാനാണ് ഉത്തരവ്. മധുസുധന്‍ രാജു എന്ന ഡ്യൂക്ക്  390 ഉടമ നല്‍കിയ പരാതിയിലാണ് ഹൈദരാബാദിലെ വിനായക മൊബിക്ക് ഡീലര്‍ഷിപ്പിന് കോടതി പിഴ ശിക്ഷ വിധിച്ചത്.

സംഭവത്തെപ്പറ്റി വിനായക് രാജു പറയുന്നത് ഇങ്ങനെ. 2016 ജനുവരിയില്‍ വിനായക മൊബിക്ക് പ്രവറ്റ് ലിമിറ്റഡില്‍ നിന്നും മധുസുധനന്‍ രാജു കെടിഎം 390 ഡ്യൂക്ക് സ്വന്തമാക്കി. 2.19 ലക്ഷം രൂപ മുടക്കി വാങ്ങിയ ബൈക്കില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും എടുത്തിരുന്നു.

തുടര്‍ന്ന് 2016 ഫെബ്രുവരി 9ന് ബൈക്കിന്‍റെ ആദ്യ സര്‍വീസിനായി ഡീലര്‍ഷിപ്പിനെ സമീപിച്ചു. എന്നാല്‍ തിരക്കാണെന്നും ഒരുദിവസം കഴിഞ്ഞേ ബൈക്ക് തിരികെ ലഭിക്കുകയുള്ളൂവെന്നും ഡീലര്‍ഷിപ്പ് അറിയിച്ചു. അതിനാല്‍ ബൈക്ക് അവിടെ ഏല്‍പ്പിച്ച് രാജു മടങ്ങി. എന്നാല്‍ നാലു ദിവസം കഴിഞ്ഞിട്ടും സര്‍വീസ് ചെയ്യാന്‍ നല്‍കിയ ബൈക്കിനെ കുറിച്ചു വിവരം ലഭിച്ചിക്കാത്തതിനാല്‍ സര്‍വീസ് സെന്ററില്‍ അന്വേഷിക്കാന്‍ ചെന്ന രാജു ഞെട്ടി. ബൈക്ക് മോഷണം പോയെന്നായിരുന്നു മറുപടി.

തുടര്‍ന്ന് അധികൃതരുടെ ഭാഗത്തു നിന്നും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായെതെന്നു രാജു പറയുന്നു. പകരം തനിക്ക് പുതിയ ബൈക്കോ അല്ലെങ്കില്‍ ബൈക്കിന് മുടക്കിയ പണം മുഴുവന്‍ തിരികെ നല്‍കുകയോ വേണമെന്നായിരുന്നു രാജുവിന്‍റെ ആവശ്യം. എന്നാല്‍ സംഭവം പൊലീസില്‍ അറിയിച്ചിട്ടുണ്ടെന്നും  മോഷണം പോയ ബൈക്ക് കണ്ടെത്തിയതിന് ശേഷം മാത്രമെ നഷ്ടപരിഹാര നടപടികള്‍ ആരംഭിക്കുകയുള്ളൂവെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് ഒഴിയാന്‍ ശ്രമിച്ചു. 

തുടര്‍ന്ന് 2016 മെയ് 20 ന് മോഷണം പോയ 390 ഡ്യൂക്കിനെ തകര്‍ന്ന നിലയില്‍ പൊലീസ് കണ്ടെത്തി. നാശോന്മുഖമായിരുന്നു ബൈക്കിന്റെ അവസ്ഥയെന്നും ആശ്രദ്ധമായി കൈകാര്യം ചെയ്തതുകൊണ്ടു ബൈക്കിന് പല ഘടകങ്ങളും നഷ്ടമായെന്നും എഞ്ചിന്‍ തകരാറിലായെന്നും രാജു പറയുന്നു. തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിക്കുന്നത്.

തുടര്‍ന്നാണ് വിനായക മൊബിക്ക് കുറ്റക്കാരാണെന്നു കോടതി വിധിച്ചത്. ബൈക്ക് മോഷണം പോയത് ഡീലര്‍ഷിപ്പില്‍ നിന്നാണെന്നും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ഡീലര്‍ഷിപ്പിന് കഴിയില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം.