മാരുതി സുസുക്കിയുടെ പ്ലാന്റിൽ പുലി ഇറങ്ങി. ഗുഡ്ഗാവിന് സമീപമുള്ള മനേസർ പ്ലാന്‍റില്‍ കഴിഞ്ഞ ദിവസം പുലർച്ചെ നാലുമണിയോടെയാണ് പുലിയുടെ സാന്നിധ്യം സെക്യൂരിറ്റി ജീവനക്കാർ തിരിച്ചറിഞ്ഞത്. ഇതേ തുടർന്ന് രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ അകത്തു പ്രവേശിപ്പിച്ചില്ല. പ്ലാന്റിലെ എൻജിൻ ഡിപ്പാർട്ട്മെന്റിൽ നിന്നാണ് പുലിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.

മാരുതിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിർമാണ ശാലകളിലൊന്നാണ് മനേസർ. ഏകദേശം 2000 അധികം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. വർഷം 5.5 ലക്ഷം കാറുകളും 3 ലക്ഷം ഡീസൽ എൻജിനുകളും പുറത്തിറക്കാനുള്ള ശേഷിയുണ്ട് ഈ പ്ലാന്‍റിന്. പൊലീസും ഫോറസ്റ്റ് ജീവനക്കാരും പുലിക്കായുള്ള തിരച്ചിലിലാണെന്നാണ് ഔദ്യോഗിക വിശദീകരണം. എഞ്ചിന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയിക്കുന്ന പുലി ആരവല്ലി പര്‍വ്വത നിരകളില്‍ നിന്നാണ് എത്തിയതെന്നാണ് കരുതുന്നത്.