ദേശീയ പാര്‍ക്കില്‍ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ സിംഹത്തിന്‍റെ ആക്രമണം. വാഹനത്തിന്‍റെ ടയര്‍ കടിച്ചു മുറിച്ച സിംഹം യാത്രക്കാരെ പെരുവഴിയിലാക്കി. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
അഞ്ചു വാഹനങ്ങളടങ്ങിയ സംഘത്തെയാണ് സിംഹം ആക്രമിച്ചത്. റോഡരികില്‍ സിംഹക്കൂട്ടത്തെ കണ്ട് വാഹനം നിര്‍ത്തിയപ്പോള്‍ ഒരു കാറിനെ പെണ്‍സിംഹം അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. സിംഹത്തിന്‍റെ ആക്രമണം നേരിട്ട കാറിനു മുന്നിലുണ്ടായിരുന്ന വാഹനത്തിലുണ്ടായിരുന്നവരാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. നിര്‍ത്തിയിട്ടിരിക്കുന്ന കാറിനു സമീപത്തേക്കെത്തിയ സിംഹങ്ങളിലൊന്ന് ഏറെ നേരം വാഹനം പരിശോധിച്ചു. ഇതിനു ശേഷം മുന്‍വശത്തെ ടയറില്‍ പിടുത്തമിട്ടു. ഇതിനിടെ വലിയ ശബ്ദത്തോടെ ടയർ പൊട്ടിത്തെറിച്ചു.
ടയര്‍ പൊട്ടുന്ന ശബ്‍ദം കേട്ട് ഭയന്ന സിംഹക്കൂട്ടം നാലു വഴിക്കും ചിതറിയോടുന്നതും വീഡിയോയിലുണ്ട്. സിംഹങ്ങള്‍ പോയതിനു ശേഷം ടയര്‍ മാറ്റി ഇവര്‍ യാത്ര തുടരുന്നതും വീഡിയോയിലുണ്ട്.

