ലണ്ടൻ: കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ലണ്ടൻ അധിക നികുതി ചുമത്തുന്നു. നഗരത്തെ പുക വിഴുങ്ങുന്നത് തടയാനാണ് പുതിയ നീക്കം. 2006നുമുമ്പ് രജിസ്റ്റർ ചെയ്ത, യൂറോ നാല് നിബന്ധന പാലിക്കാത്ത പെട്രോൾ, ഡീസൽ വാഹനങ്ങൾക്കാണ് പ്രതിദിനം 10 പൗണ്ട് എന്ന തോതിൽ നികുതി ചുമത്താൻ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാവിലെ ഏഴുമുതൽ വൈകീട്ട് ആറു വരെ നഗരത്തിലോടുന്നവക്കാണ് നിരക്ക് ബാധകമാകുക. ഇതോടൊപ്പം, ഗതാഗതക്കുരുക്ക് നികുതി 11.5 പൗണ്ട് കൂടി ചേർത്ത് മൊത്തം 21.50 പൗണ്ട് നൽകേണ്ടിവരും. മലിന വായു ശ്വസിച്ച് പ്രതിവർഷം 9,500 പേർ മരിക്കുന്നുവെന്നാണ് കണക്ക്.
ലണ്ടൻ നഗരത്തിന്റെ അന്തരീക്ഷം ശുദ്ധമാക്കാനുള്ള അടിയന്തര നടപടിയാണിതെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ വ്യക്തമാക്കി. നഗരങ്ങൾ നടപടി സ്വീകരിക്കണമെന്ന് നേരത്തെ ബ്രിട്ടീഷ് ഹൈകോടതിയും ഉത്തരവിട്ടിരുന്നു.
