പ്രതിരോധ ഗവേഷണസ്ഥാപനമായ ഡി.ആര്‍.ഡി.ഒ.യ്ക്കു കീഴിലുള്ള എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയാണ് (എ.ഡി.എ.) ആക്രമണശേഷിയുള്ള റുസ്തം2 വികസിപ്പിച്ചത്. ഈ വിഭാഗത്തില്‍പ്പെട്ട മൂന്നാമത്തെ വിമാനമാണിത്.

20 മീറ്റര്‍ ചിറകുവിരിവ്. തുടര്‍ച്ചയായി 30 മണിക്കൂര്‍ വരെ പറക്കാനുള്ള ശേഷി. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാനുള്ള കരുത്ത്. 26,000 അടി ഉയരത്തില്‍ വരെ പറക്കാനുള്ള കഴിവ്. ശത്രു നിരീക്ഷണം, തത്സമയ വിവര കൈമാറ്റം, ആയുധ പ്രയോഗം എന്നിവയിലും മിടുക്ക്. റുസ്തം 2ന്റെ പ്രത്യേകതകള്‍ ഏറെയാണ്. ഓട്ടോമാറ്റിക് ടേക്ക് ഓഫ്, ലാന്‍ഡിങ്. ഏതു സാഹചര്യത്തിലും എവിടെ നിന്നും ടേക്ക് ഓഫ് ചെയ്യ‌ാനും ലാൻഡ് ചെയ്യാനുമുള്ള കഴിവ്. ഡിജിറ്റൽ ഫ്ലൈറ്റ് കൺട്രോൾ, നാവിഗേഷൻ സംവിധാനം. അങ്ങനെ പ്രത്യേകതകള്‍ നീളുന്നു. രണ്ടു ടർബോഫാൻ എൻജിനുകളുടെ സഹായത്തോടെയാണ് റുസ്തം–2 പ്രവർത്തിക്കുന്നത്.

ആര്‍മി, നേവി, വ്യോമസേന എന്നിവര്‍ക്കെല്ലാം റുസ്തം 2 ഉപയോഗപ്പെടുത്താം. പാക്ക്, ചൈന അതിർത്തി നിരീക്ഷണത്തിനു കൂടുതൽ ആളില്ലാ വിമാനങ്ങൾ വിദേശത്തു നിന്നു ഇറക്കുമതി ചെയ്യാനുള്ള അവസരത്തിലാണ് ഇന്ത്യയുടെ സ്വന്തം ഡ്രോണിന്‍റെ പരീക്ഷണപ്പറക്കില്‍ വിജയമെന്നതും ശ്രദ്ധേയമാണ്. മെയ്‍ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലാണ് റുസ്തത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

റുസ്തം ഒന്നിന് 12 മണിക്കൂറും രണ്ടാംമോഡലായ റുസ്തംഎച്ചിന് 24 മണിക്കൂറുമായിരുന്നു പറക്കല്‍ ശേഷി. റുസ്തം 1ന്റെ പരിഷ്‌കരിച്ച പതിപ്പാണ് റുസ്തം 2. മൂന്നു വര്‍ഷം മുമ്പ് പരീക്ഷണ പറക്കല്‍ നടത്താനിരുന്ന ഈ വിമാനം വിവിധ കാരണങ്ങളാല്‍ നിര്‍മാണം വൈകുകയായിരുന്നു. ബംഗളൂരുവില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ ചെല്ലക്കരയിലാണ് റുസ്തം 2വിന്‍റെ കഴിഞ്ഞ ദിവസം ആദ്യ പരീക്ഷണ പറക്കല്‍ വിജയകരമായി നടത്തിയത്.