Asianet News MalayalamAsianet News Malayalam

ഫോര്‍ച്യൂണര്‍ ഇനി വെള്ളം കുടിക്കും, മഹീന്ദ്ര അള്‍ട്ടുറാസിന്‍റെ ബുക്കിംഗ് തുടങ്ങി

ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ എസ്‍യുവികള്‍ക്കു കനത്ത വെല്ലുവിളിയുമായി രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര അവതരിപ്പിക്കുന്ന ഏഴ് സീറ്റര്‍ വാഹനം അള്‍ട്ടുറാസിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. വാഹനം നവംബര്‍ 24ന് നിരത്തിലെത്തും.  

Mahindra Alturas G4 Launch date and Booking details revealed
Author
Mumbai, First Published Nov 12, 2018, 10:08 PM IST

ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ എസ്‍യുവികള്‍ക്കു കനത്ത വെല്ലുവിളിയുമായി രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര അവതരിപ്പിക്കുന്ന ഏഴ് സീറ്റര്‍ വാഹനം അള്‍ട്ടുറാസിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. വാഹനം നവംബര്‍ 24ന് നിരത്തിലെത്തും.  വൈ 400 എന്നായിരുന്നു ഇന്ത്യയിലെത്തുന്ന വാഹനത്തിന്‍റെ ഇതുവരെയുള്ള കോഡ് നാമം.  അള്‍ട്ടുറാസ് G4 -ന് പ്രത്യേക വെബ്‌സൈറ്റും മഹീന്ദ്ര തുടങ്ങിയിട്ടുണ്ട്.  50,000 രൂപയാണ് ബുക്കിംഗ് തുക. ബുക്ക് ചെയ്തവര്‍ക്കു നവംബര്‍ 26 മുതല്‍ വാഹനം കൈമാറുമെന്നാണ് റിപ്പോർട്ടുകള്‍. ഔദ്യോഗിക അവതരണവേളയില്‍ മാത്രമെ എസ്‌യുവിയുടെ വില മഹീന്ദ്ര പുറത്തുവിടുകയുള്ളൂ. 

എക്സ്‌യുവി 700 എന്ന പേരില്‍ വാഹനം വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നതായ വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചുകാലമായി വാഹനലോകത്ത് സജീവമായിരുന്നു.  വാഹനത്തിന്റെ പേര് ഇന്‍ഫെര്‍നോ എന്നായിരിക്കുമെന്നും വാഹനം നവംബര്‍ 19-ന് വിപണിയില്‍ എത്തുമെന്നും മുമ്പ്  അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍, വാഹനം നവംബര്‍ 24-ന് പുറത്തിറക്കുമെന്ന് പിന്നീട് കമ്പനി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. 

രാജ്യത്തെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ അടുത്തകാലത്ത് പുറത്തു വന്നിരിക്കുന്നു. മുമ്പ് മഹീന്ദ്ര പുറത്തിറക്കിയ ടീസർ വിഡിയോയില്‍ പുതിയ ഏഴു സീറ്റർ വാഹനത്തിന്‍റെ  കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിരുന്നു.  മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ പ്രീമിയം എസ്‌യുവി റെക്സ്റ്റണിനെയായിരിക്കും അള്‍ട്ടുറാസ് എന്ന പേരില്‍ ഇന്ത്യയിൽ പുറത്തിറക്കുക.  

2016ലെ പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എൽഐവി-2 കൺസെപ്റ്റിൽ നിന്നും വികസിപ്പിച്ചിരിക്കുന്ന വാഹനം 2017ലാണ് യുകെ വിപണിയിലെത്തിയത്. 2018  ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോഎക്സ്പോയിലും മഹീന്ദ്ര വാഹനത്തെ പ്രദർശിപ്പിച്ചിരുന്നു.  4,850 mm നീളവും 1,920 mm വീതിയും 1,800 mm ഉയരവുമാണ് G4 റെക്സ്റ്റണ്‍ എന്ന XUV700 ന്. 2,865 mm ആണ് വീല്‍ബേസ്. ഫോര്‍ച്യൂണറിനെക്കാളും 120 mm അധിക വീല്‍ബേസ് XUV700 നുണ്ട്.

പ്രീമിയം എസ് യു വി സെഗ്മെന്റിലെ ബെസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകളുമായിട്ടാകും വാഹനം എത്തുക. ഡ്യുവൽ ടോണ്‍ കളർ തീമിലുള്ള ക്യാമ്പിൻ, ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം എന്നിവ പുതിയ വാഹനത്തിന്‍റെ പ്രത്യേകതകളാണ്.  2.2 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ എന്‍ജിനിലാണ് ഈ വാഹനം എത്തുന്നത്. 2157 സിസിയില്‍ 178 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഓള്‍ട്ടുറാസില്‍ ടുവീല്‍, ഫോര്‍ വീല്‍ ഡ്രൈവ് മോഡുകളും ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് നല്‍കിയിരിക്കുന്നത്.

9.2 ഇഞ്ച് എച്ച്ഡി ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം, ആൻഡ്രോയ്‍ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, 360 ഡിഗ്രി ക്യാമറ, 7.0 ഇഞ്ച് എൽസിഡി ഇൻട്രുമെന്റ് ക്ലസ്റ്റർ, ശീതികരിക്കാവുന്ന സീറ്റുകള്‍, ലക്ഷ്വറി അപ്ഹോൾസറി. സ്മാർട് ടെയിൽ ഡേറ്റ് എന്നിവ പുതിയ എസ്‌ യു വിയിലുണ്ട്.  

മോഹിപ്പിക്കുന്ന വിലയാണ് വാഹനത്തിന്‍റെ മറ്റൊരു വലിയൊരു പ്രത്യേകത. ഫോർച്യൂണറിനെക്കാള്‍ നാലു മുതൽ അഞ്ചു ലക്ഷം രൂപവരെ വിലക്കുറവായിരിക്കും അള്‍ട്ടുറാസിനെന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios