Asianet News MalayalamAsianet News Malayalam

ഇന്നോവയെ വിഴുങ്ങുമോ മഹീന്ദ്രയുടെ സ്രാവ്?

എംപിവി സെഗ്‌മെന്റില്‍ ടൊയോട്ടയുടെ ജനപ്രിയവാഹനം ഇന്നോവ ക്രിസ്റ്റയ്ക്ക് ഇരുട്ടടിയുമായി മഹീന്ദ്ര അവതരിപ്പിക്കുന്ന വാഹനം മരാസോ സെപ്തംബറില്‍ 3ന് നിരത്തിലെത്തും.

Mahindra marazzo mpv launch in september 3
Author
Mumbai, First Published Aug 23, 2018, 7:30 AM IST

എംപിവി സെഗ്‌മെന്റില്‍ ടൊയോട്ടയുടെ ജനപ്രിയവാഹനം ഇന്നോവ ക്രിസ്റ്റയ്ക്ക് ഇരുട്ടടിയുമായി മഹീന്ദ്ര അവതരിപ്പിക്കുന്ന വാഹനം മരാസോ സെപ്തംബറില്‍ 3ന് നിരത്തിലെത്തും. U 321 എന്ന കോഡുനമാത്തില്‍ ഇത്രകാലവും അറിയപ്പെട്ടിരുന്ന വാഹനത്തിന് അടുത്തിടെയാണ് മരാസോ എന്ന പേരിട്ടത്. 

സ്രാവ്‌ എന്ന് അര്‍ഥം വരുന്ന സ്പാനിഷ് വാക്കായ 'Marazzo' യില്‍ നിന്നാണ് വാഹനത്തിന്‍റെ പേരുണ്ടാക്കിയത്. മാത്രമല്ല ഒരു സ്രാവിന്റെ മാതൃകയിലാണ് മരാസോയുടെ ഡിസൈനും. 

മഹീന്ദ്രയുടെ രാജ്യാന്തര പങ്കാളി സാങ്‌യോങിന്‍റെ ടുറിസ്മോ എംപിയുടെ ഡിസൈൻ ഘടകങ്ങൾ സ്വീകരിച്ചാണ് പുതിയ എംപിവി എത്തുക. ഉയരം കൂടിയതാവും ഡിസൈന്‍. ഇന്‍റീരിയറില്‍ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കാന്‍ നീളമേറിയ വീല്‍ബേസും മുന്നിലും പിന്നിലും നീളംകുറഞ്ഞ ഓവര്‍ഹാങ്ങുമാണ്.

അകത്തെ സ്ഥലസൗകര്യമാണ് മരാസോയുടെ പ്രധാന സവിശേഷത. ഏഴ്, എട്ട് സീറ്റ് ഓപ്ഷനില്‍ മരാസോ വിപണിയിലെത്തും. സെവന്‍ സീറ്ററില്‍ രണ്ടാമത്തെ നിരയില്‍ ക്യാപ്റ്റന്‍ സീറ്റും എട്ട് സീറ്ററില്‍ രണ്ടാമത്തെയും മൂന്നാമത്തെയും നിര ബെഞ്ച് സീറ്റുമായിരിക്കും. 

1.6 ലീറ്റര്‍ എം ഫാല്‍ക്കണ്‍ ഡീസല്‍ എന്‍ജിനാവും ഹൃദയം. 130 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. പ്രകടമായ എയര്‍ ഇന്‍ടേക്കും ഫോഗ് ലാംപിനുള്ള സ്ഥലസൗകര്യവുമുള്ള നീളമേറിയ ബംപറുമാവും വാഹനത്തിന്. പുതിയ സ്കോർ‌പ്പിയോയെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലും പ്രത്യേകതയാണ്. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററിലാണ് വാഹനം വികസിപ്പിച്ചത്.

വാഹനത്തിന് ഇന്നോവയെക്കാളും കുറഞ്ഞവിലയായിരിക്കുമെന്നും സൂചനകളുണ്ട്. എന്തായാലും മഹീന്ദ്രയുടെ സ്രാവിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ വാഹനലോകം.

Follow Us:
Download App:
  • android
  • ios