സ്‌കോര്‍പിയോയുടെ പുതിയ S9 വകഭേദം വിപണിയിലെത്തിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഫേസ് ലിഫ്റ്റില്‍ 13.99 ലക്ഷം രൂപ വിലയിലാണ് മഹീന്ദ്ര സ്‌കോര്‍പിയോ S9 മോഡലിനെ അവതരിപ്പിച്ചത്. 

ടോപ്പ് എന്‍ഡ് മോഡലായ എസ്-11 ഉള്ള ഒട്ടുമിക്ക ഫീച്ചറുകളും നല്‍കിയാണ് സ്‌കോര്‍പിയോയുടെ പുതിയ വേരിയന്‍റ് എത്തുന്നത്. ഫുള്ളി ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്‍ട്രോള്‍ (FATC) സംവിധാനവും പത്തു ഭാഷകളില്‍ ജിപിഎസ് നാവിഗേഷനുള്ള 5.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും വാഹനത്തിലുണ്ട്. എല്‍ഇഡി ലൈറ്റ് ഗൈഡുകള്‍, സ്റ്റീയറിംഗിലുള്ള ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകള്‍, ഹൈഡ്രോളിക് പിന്തുണയുള്ള ബോണറ്റ് തുടങ്ങിയവ സ്‌കോര്‍പിയോ S9 മോഡലിന്റെ പ്രത്യേകതകളാണ്.

ഫീച്ചറുകളുടെ എണ്ണം കൂട്ടിയതല്ലാതെ എന്‍ജിനിലും ഡിസൈനിലും യാതൊരു മാറ്റവുമില്ലാതെയാണ് സ്‌കോര്‍പിയോയുടെ എസ്-9 വേരിയന്‍റ് എത്തുന്നത്. S3, S7, S11 വകഭേദങ്ങളിലെ പോലെ 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ എംഹൊക്ക് ടര്‍ബ്ബോച്ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ തന്നെയാണ് പുതിയ S9 മോഡലിന്‍റെയും ഹൃദയം. ഈ എഞ്ചിന്‍ പരമാവധി 140 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. നാലു വീല്‍ ഡ്രൈവ് സംവിധാനം S9 വകഭേദത്തില്‍ ലഭ്യമല്ല. ഇരട്ട എയര്‍ബാഗുകളും ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനവും എസ്‌യുവിയില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. രാജ്യത്തെ മുഴുവന്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകളും പുതിയ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.