ഇന്ത്യന്‍ മഹാസമുദ്രത്തിനടിയിലിരുന്ന് യോഗ പരിശീലിക്കാന്‍ തയ്യാറായി അനവധിപേരാണ് റെസ്റ്റോറന്‍റ് മാനേജ്മെന്‍റിനെ സമീപിച്ചത്

മാലി: സമുദ്രത്തിനടിയില്‍ ഗ്ലാസ്സില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുളള ലോകത്തെ ഏറ്റവും വലിയ ഭക്ഷണശാലയായ മാലിദ്വീപിലെ "ഹുറാവാലി മാലദ്വീപ് 5.8 റെസ്റ്റോറന്‍റില്‍" ഇനിമുതല്‍ യോഗയും പരിശീലിക്കാം. ലോകത്ത് ആദ്യമായാണ് കടലിനടയില്‍ ഇത്തരത്തിലൊരു യോഗ പരിശീലന പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. പൂര്‍ണ്ണമായും ഗ്ലാസ്സിലാണ് റെസ്റ്റോറന്‍റ് നിര്‍മ്മിച്ചിട്ടുളളത്. സമുദ്ര നിരപ്പില്‍ നിന്ന് 5.8 മീറ്റര്‍ ആഴത്തിലാണ് റെസ്റ്റോറന്‍റ് നിര്‍മ്മിച്ചിട്ടുളളത്.

ആഴക്കടലിന്‍റെ പനോരമാറ്റിക്ക് ദൃശ്യം കാണാന്‍ കഴിയുന്ന രീതിയിലാണ് ഭക്ഷണശാല നിര്‍മ്മിച്ചിട്ടുളളത്. അതിനാല്‍ തന്നെ പരിപാടി പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനടിയിലിരുന്ന് യോഗ പരിശീലിക്കാന്‍ തയ്യാറായി അനവധിപേരാണ് റെസ്റ്റോറന്‍റ് മാനേജ്മെന്‍റിനെ സമീപിച്ചത്. യോഗ ഇതുവരെ ചെയ്യാത്തവര്‍ക്കും ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കാം.

ചുറ്റും മത്സ്യങ്ങളെയും കണ്ടുകെണ്ട് ഒരുമണിക്കൂര്‍ യോഗ പരിശീലനത്തിന് 7,800 രൂപയാണ് ആകെ ചിലവ്. പ്രതിവര്‍ഷം ടൂറിസ്റ്റുകളായി അനവധി പേരാണ് "ഹുറാവാലി മാലദ്വീപ് 5.8 റെസ്റ്റോറന്‍റ്" കാണാനായി എത്തുന്നത്. പുതിയ യോഗ പരിശീലനം കൂടി വരുന്നതോടെ വലിയ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.