രാജ്യത്തെ കാർ വിപണിയുടെ തലതൊട്ടപ്പന്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡി(എം എസ് ഐ എൽ)ന്റെ മേധാവിയുടെ വാര്‍ഷിക ശമ്പളത്തില്‍ വര്‍ദ്ധനവ്. കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവയ്ക്കു കഴിഞ്ഞ വർഷം ലഭിച്ചതിനെക്കാള്‍ 6.32% ശമ്പളം അധികമായി ലഭിച്ചു. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ചുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വര്‍ഷം അയുകാവയ്ക്കു 4.20 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്. മുൻ സാമ്പത്തിക വർഷം 3,95,44,573 രൂപയായിരുന്നു ഇദ്ദേഹത്തിനു ലഭിച്ച വേതനം.
പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഈ വര്‍ഷം 1,50,39,000 രൂപ ഇദ്ദേഹത്തിന് അധികമായി ലഭിച്ചുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2015-16ല്‍ 1,27,45,000 രൂപയായിരുന്നു കമ്പനിയുടെ പ്രകടനമികവിനു ഇദ്ദേഹത്തിനു ലഭിച്ച ബോണസ്.
അതുപോലെ കമ്പനിയുടെ ചെയർമാന്‍ ആർ സി ഭാർഗവയ്ക്ക് 2016 — 17ൽ കമ്പനി 99 ലക്ഷം രൂപ പ്രതിഫലമായി നൽകി. ഇതിൽ 91.50 ലക്ഷം രൂപ അദ്ദേഹത്തിന്റെ കമ്മിഷനും അവശേഷിക്കുന്ന ഏഴര ലക്ഷം രൂപ ബോർഡ്, കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തതിനുള്ള ഫീസുമാണ്. 2015 — 16ലാവട്ടെ 77.50 ലക്ഷം രൂപ കമ്മിഷനും 10 ലക്ഷം രൂപ സിറ്റിങ് ഫീസുമടക്കം മൊത്തം 87.50 ലക്ഷം രൂപയായിരുന്നു ഭാർഗവയുടെ പ്രതിഫലം.
