Asianet News MalayalamAsianet News Malayalam

നിരത്തില്‍ കുതിച്ചുയര്‍ന്ന് മാരുതി ഡിസയര്‍!

2018ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി മാരുതി ഡിസയര്‍. മാരുതിയുടെ തന്നെ ആള്‍ട്ടോയെ പിന്നിലാക്കിയാണ് സബ് കോംപാക്ട് സെഡാനായ ഡിസയറിന്‍റെ മുന്നേറ്റം.

Maruti Dzire Become Indias Top Selling Car In 2018 Beats Alto
Author
Mumbai, First Published Jan 3, 2019, 10:10 AM IST

2018ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി മാരുതി ഡിസയര്‍. മാരുതിയുടെ തന്നെ ആള്‍ട്ടോയെ പിന്നിലാക്കിയാണ് സബ് കോംപാക്ട് സെഡാനായ ഡിസയറിന്‍റെ മുന്നേറ്റം.

2018 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കണക്കുപ്രകാരം 247,815 യൂണിറ്റ് ഡിസയറുകളാണ് മാരുതി വിറ്റഴിച്ചത്. അതേസമയം 231,540 യൂണിറ്റുകള്‍ വിറ്റഴിച്ചാണ് മാരുതിയുടെ തന്നെ ഹാച്ച്ബാക്കായ അള്‍ട്ടോ രണ്ടാം സ്ഥാനത്തെത്തിയത്. കണക്കുകള്‍ പ്രകാരം മാസംതോറും ശരാശരി 22,000 യൂണിറ്റ് ഡിസയറുകളും 20,000 യൂണിറ്റ് അള്‍ട്ടോകളും നിരത്തിലെത്തി. 

വില്‍പനയില്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലും മാരുതിയുടെ മോഡലുകള്‍ തന്നെയാണുള്ളത്. സ്വിഫ്റ്റ് ( 211,840 യൂണിറ്റ് ), ബലേനോ (199,101), വിറ്റാര ബ്രെസ (145,799 ) എന്നിവയാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. 

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയാണ് ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളില്‍. എലൈറ്റ് ഐ20-യാണ് ആറാം സ്ഥാനത്ത്. 12,164 യൂണിറ്റ് എലൈറ്റ് ഐ20-യാണ് വിറ്റത്. ഗ്രാന്റ് ഐ10 (122,799 ), ക്രെറ്റ എസ്.യു.വി (113,274 യൂണിറ്റ്) എന്നിവ ഏഴും എട്ടും സ്ഥാനങ്ങളിലുണ്ട്.  സെലേരിയോയിലൂടെ (91,957 യൂണിറ്റ്) ഒമ്പതാം സ്ഥാനത്തും 86,658 യൂണിറ്റുകളോടെ   ടാറ്റ ടിയാഗോ പത്താം സ്ഥാനത്തുമുണ്ട്. 

2017 മെയ് 16നാണ് ഡിസയര്‍ വിപണിയിലെത്തുന്നത്. യഥാർഥ സെഡാൻ ശൈലിയിലുള്ള രൂപകൽപ്പനയും കാഴ്ചപ്പകിട്ടും ഡ്രൈവിങ് സുഖവും മികച്ച സീറ്റുകളുമൊക്കെയാണു ‘ഡിസയറി’നു മികച്ച വിൽപ്പന നേടിക്കൊടുക്കുന്നതെന്നും സ്ഥലസൗകര്യമുള്ള അകത്തളവും മികച്ച യാത്രാസുഖവും ആധുനിക സുരക്ഷാ സംവിധാനങ്ങളുമൊക്കെയായാണു വാഹനത്തിനു നേട്ടമായതെന്നാണ് കമ്പനിയുടെ നേരത്തെയുള്ള വിലയിരുത്തല്‍. 

2008ലാണ് സ്വിഫ്റ്റ് എന്ന ഹാച്ച്ബാക്കിൽ നിന്ന് ജന്മം കൊണ്ട സെഡാനായ ഡിസയർ ആദ്യമായി വിപണിയിലെത്തിയത്. 2012ൽ ഡിസയറിന്റെ പുതുരൂപം വിപണിയിലെത്തി. മൂന്നാം തലമുറയിൽപ്പെട്ട ഡിസയറാണ് 2017 മെയില്‍ പുറത്തിറങ്ങിയത്. പ്ലാറ്റ്‌ഫോം ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് ഏറ്റവും പുതിയ മോഡലിൽ.

1.2 ലിറ്റർ, 4 സിലിണ്ടർ 83 ബിഎച്ച്പി പെട്രോൾ, 1.3 ലിറ്റർ 4 സിലിണ്ടർ 75 ബിഎച്ച്പി ഡീസൽ എന്നിവയാണ് എഞ്ചിനുകൾ. രണ്ട് എഞ്ചിൻ വേരിയന്റുകൾക്കും 5 സ്പീഡ് മാനുവൽ എഎംടി (ഓട്ടോമാറ്റിക്) ട്രാൻസ്മിഷനുകളുണ്ട്. പുതിയ ഡിസയറിന്റെ മൈലേജും മാരുതി വർദ്ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 22കിമീ/ലിറ്ററും ഡീസലിന് 28.4 കി.മീ/ലിറ്ററുമാണ് പുതിയ മൈലേജ്.  എബിഎസ്, ഇബിഡി, രണ്ട് എയർബാഗുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ വേരിയന്റുകളിലുമുണ്ട്.

Follow Us:
Download App:
  • android
  • ios