ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കിക്ക് കാര്‍ വില്പനയിൽ റെക്കോർഡ് നേട്ടം. ദീപാവലിയുടെ ആദ്യ ദിനം 30,000 വാഹനങ്ങളാണ് മാരുതി മൊത്തത്തിൽ വിറ്റഴിച്ചത്. ഒരു മാസം കൊണ്ട് മറ്റ് നിർമാതാക്കൾ വിറ്റഴിക്കുന്നത്ര യൂണിറ്റാണ് മാരുതി ഒറ്റൊയൊരു ദിവസത്തിൽ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനത്തിലധികം വര്‍ദ്ധനവാണുണ്ടായതെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒറ്റദിവസം കൊണ്ട് മാരുതിയും ഹ്യൂണ്ടായിയും ഇന്ത്യന്‍ നിരത്തിലെത്തിച്ച കാറുകളുടെ എണ്ണം കേട്ടാല്‍ അല്‍പ്പമൊന്നു ഞെട്ടും. 45,000 കാറുകള്‍.
ഇത്തവണ നവരാത്രി-ദീപാവലിയോടനുബന്ധിച്ച് മാരുതി നൽകിയ ഓഫറുകളും വില്പന വർധിപ്പിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ടെന്നു വേണം കരുതാന്‍. കഴിഞ്ഞമാസം സെപ്തംബറിൽ മൊത്തം കാർ വില്പന 2,74,659 യൂണിറ്റുകളോളമായിരുന്നു. ഇതിൽ എതിരാളികെ തോല്പിച്ച് 1,32,321 യൂണിറ്റുകളുടെ വില്പനയാണ് മാരുതി നേടിയെടുത്തിരിക്കുന്നത്. മറ്റൊരു നിർമാതാക്കൾക്കും നേടിയെടുക്കാൻ കഴിയാത്ത ഏതാണ്ട് അമ്പത് ശതമാനത്തോളം വിൽപനയാണ് മാരുതി കാർമേഖലയിൽ നേടിയെടുത്തത്.
മാരുതിയുടെ തൊട്ടുപിറകില്‍ ഹ്യുണ്ടായിയാണ് ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റത്. 15,153 യൂണിറ്റ് കാറുകള്‍. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 26 ശതമാനം വര്‍ദ്ധനവാണ് ഹ്യുണ്ടായി നേടിയത്.
