ആള്‍ട്ടോയുടെ വില്‍പ്പന 35 ലക്ഷം യൂണിറ്റുകള്‍ കടന്നു

ഇന്ത്യയില്‍ അക്ഷരാര്‍ത്ഥത്തില്‍ വാഹനവിപ്ലവത്തിന് വഴി തുറന്ന ചെറുകാറാണ് മാരുതി സുസുക്കി ആള്‍ട്ടോ. മാരുതി 800 തുറന്നിട്ട സാധാരണക്കാരന്‍റെ വാഹന സ്വപ്‍നങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കിയ മോഡല്‍. രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനം.

എക്കാലത്തും മാരുതിയുടെ സ്വാകാര്യ അഹങ്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആള്‍ട്ടോയുടെ നെറുകയില്‍ ഇതാ ഒരു പൊന്‍തൂവല്‍ കൂടി. ആള്‍ട്ടോയുടെ വില്‍പ്പന 35 ലക്ഷം യൂണിറ്റുകള്‍ കടന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

2017-18 ല്‍ ഓള്‍ട്ടോ ആറു ശതമാനം വില്‍പ്പന വളര്‍ച്ച നേടിയ വാഹനത്തിന് നടപ്പ് സാമ്പത്തിക വര്‍ഷം 33 ശതനമാനമാണ് വിപണി വിഹിതം. ആള്‍ട്ടോയുടെ 44 ശതമാനം ഉപഭോക്താക്കളും 35 വയസ്സില്‍ താഴെയുള്ളവരാണെന്നും 2017-നും 2018-നും ഇടയില്‍ അള്‍ട്ടോ വാങ്ങിയ ഉപഭോക്താക്കളില്‍ 55 ശതമാനം പേരുടെയും ആദ്യ കാര്‍ ഇതായിരുന്നുവെന്നും മാരുതി സുസുക്കി മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍എസ് കല്‍സി വ്യക്തമാക്കി. കഴിഞ്ഞ പതിനാലു വര്‍ഷമായി വിപണിയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലാണ് ആള്‍ട്ടോ.