പുതിയ ഡിസയര്‍ ടൂര്‍ എസ് സിഎന്‍ജി പതിപ്പ്

രാജ്യത്തെ വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ മാരുതി സുസുക്കി പുതിയ ഡിസയര്‍ ടൂര്‍ എസ് സിഎന്‍ജി പതിപ്പിനെ ടാക്‌സി വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. അഞ്ചര ലക്ഷം മുതല്‍ ആറു ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയില്‍ വാഹനം എത്തുമെന്നാണ് കരുതുന്നത്.

1.2 ലിറ്റര്‍ ഫ്‌ളെക്‌സ് ഫ്യൂവല്‍ എഞ്ചിനിലാണ് പുതിയ മാരുതി ഡിസയര്‍ ടൂര്‍ എസ് സിഎന്‍ജി വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പെട്രോളിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കാന്‍ എഞ്ചിന് സാധിക്കും. 82.8 bhp പരമാവധി കരുത്തേകുന്ന 1.2 ലിറ്റര്‍ എഞ്ചിന്‍ 74 bhp കരുത്ത് സിഎന്‍ജിയില്‍ സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

2008ലായിരുന്നു മാരുതി ഡിസയറിനെ അവതരിപ്പിച്ചത്. സ്വിഫ്റ്റിന്റെ രൂപകല്പനയിൽ നിന്ന് പ്രചോദനമുള്‍ക്കൊണ്ട സെഡാൻ സെഗ്മെന്റിലെ വാഹനമായിരുന്നു ഡിസയർ. 2012-ല്‍ ടാക്‌സി സെഗ്മെന്റിൽ ടൂര്‍ എന്ന പേരില്‍ കോംപാക്ട് സെഡാൻ പതിപ്പിന്‍റെ അവതരണം. അപ്പോഴും മികച്ച പ്രകടനം തന്നെ ഡിസയർ കാഴ്ച വെച്ചു. ഓരോ മാസവും ഡിസയറിന്‍റെ 2500-3000 യൂണിറ്റ് വീതം വിറ്റിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡിസയര്‍ ടൂറിന്‍റെ നിര്‍മ്മാണം മാരുതി അവസാനിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.