രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി മൂന്ന് പുതിയ വാഹനങ്ങളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. മൂന്നാം തലമുറ സ്വിഫ്റ്റ്, പുതുതലമുറ വാഗണ്‍ആര്‍, പുത്തന്‍ എര്‍ട്ടിഗ എംപിവി എന്നിവയാണ് ആ വാഹനങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാരുതി സുസുക്കിയുടെ ജനപ്രിയ മോഡൽ സ്വിഫ്റ്റിന്റെ രണ്ടാം തലമുറയുടെ നിർമാണം കഴിഞ്ഞ ആഴ്‍ച കമ്പനി അവസാനിപ്പിച്ചിരുന്നു. 2018ല്‍ അരങ്ങേറ്റം കുറിക്കുന്ന മൂന്നാംതലമുറ സ്വിഫ്റ്റിന്‍റെ വരവിന് മുന്നോടിയായിട്ടാണ് പഴയ സ്വിഫ്റ്റിന്‍റെ നിര്‍മ്മാണം കമ്പനി അസാനിപ്പിച്ചത്. മാരുതിയുടെ പ്ലാന്റിൽ നിന്ന് പുറത്തുവന്ന ചിത്രമാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. ടീം ബിഎച്ച്പി പുറത്തുവിട്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ പ്ലാന്‍റിലെ ജീവനക്കാർ പഴയ സ്വിഫ്റ്റിന് വിട പറയുന്ന ചിത്രവും കുറിപ്പുമുണ്ട്. ഫെബ്രുവരി ആദ്യവാരം നടക്കുന്ന ദില്ലി ഓട്ടോ ഷോയില്‍ ഈ പുത്തന്‍ സ്വിഫ്റ്റിനെ അവതരിപ്പിച്ചേക്കും.

വാഗണ്‍ആര്‍ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി ഏഴ് സീറ്ററിലാകും പുത്തന്‍ വാഗണ്‍ ആര്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എര്‍ട്ടിഗയുടെ പുതിയ മോഡലിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇതു വരെ ലഭ്യമല്ല.