കേട്ടാല്‍ അമ്പരക്കുന്ന മൈലേജ് മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റ് ഹൈബ്രിഡ് പതിപ്പ് 

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യയിലേക്കെത്തുമോ എന്ന ചോദ്യം വാഹനപ്രേമികള്‍ പരസ്പരം ചോദിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അടുത്തിടെ നടന്ന ഇന്തോനീഷ്യൻ മോട്ടോർഷോയിൽ സുസുക്കി ഹൈബ്രിഡ് സ്വിഫ്റ്റിനെ പ്രദർശിപ്പിച്ചതോടെ ഇന്ത്യയിലെ വാഹനപ്രേമികളുടെ ആകാംക്ഷ ഇരട്ടിച്ചിരിക്കുകയാണ്. 32 കിലോമീറ്ററിൽ അധികം ഇന്ധനക്ഷമതയുള്ള ഈ സ്വിഫ്റ്റ് ജപ്പാൻ, യുകെ അടക്കമുള്ള വിപണികളില്‍ തരംഗംമാണ്. 

സ്വിഫ്റ്റിന്‍റെ പുതിയ മോഡല്‍ കഴിഞ്ഞ ദില്ലി ഓട്ടോ ഷോയില്‍ അവതരിപ്പിച്ചിരുന്നു. വിപണിയില്‍ ഈ വാഹനത്തിനു മികച്ച വില്‍പ്പനയുള്ള സാഹചര്യത്തില്‍ പുത്തന്‍ ഹൈബ്രിഡ് പതിപ്പിനെയും ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന 2018 ഇന്തോനേഷ്യ ഓട്ടോ ഷോയിലാണ് സ്വിഫ്റ്റ് ഹൈബ്രിഡിനെ കമ്പനി അവതരിപ്പിച്ചത്. പുതുതലമുറ സ്വിഫ്റ്റില്‍ നിന്നും രൂപകല്‍പ്പനയില്‍ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ ഹൈബ്രിഡ് പതിപ്പിനില്ല. മികച്ച ഇന്ധന ക്ഷമതയാണ് സ്വിഫ്റ്റിന്റെ ഹൈബ്രിഡിന്റെ ശ്രദ്ധേയമായ സവിശേഷത.

സ്വിഫ്റ്റ് ഹൈബ്രിഡിന് 32 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയില്‍ 22 കിലോമീറ്ററാണ് സ്വിഫ്റ്റ് പെട്രോളിന്റെ മൈലേജ്. കാല്‍നട യാത്രക്കാരെ തിരിച്ചറിയാന്‍ വേണ്ടി പ്രത്യേക ലേസറുകളും ക്യാമറകളും സ്വിഫ്റ്റ് ഹൈബ്രിഡില്‍ സുസുക്കി നല്‍കിയിട്ടുണ്ട്. മികച്ച ബ്രേക്കിംഗ് ഉറപ്പുവരുത്താന്‍ ബ്രേക്കുകളിലുള്ള ഇരട്ട സെന്‍സറുകള്‍ക്ക് കഴിയും.

പെട്രോള്‍ എഞ്ചിനും പാഡില്‍ ഷിഫ്റ്ററുകളുള്ള അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സുമാണ് സ്വിഫ്റ്റ് ഹൈബ്രിഡിന്‍റെ ഹൃദയം. ഒപ്പം വൈദ്യുത മോട്ടോറിന്റെ പിന്തുണയുമുണ്ടാകും. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ വകഭേദത്തിലാണ് സുസുക്കി ഹൈബ്രിഡ് സാങ്കേതിക വിദ്യ ചേര്‍ക്കുന്നത്. ഈ എഞ്ചിന്‍ പരമാവധി 90 ബിഎച്ച്പി കരുത്തും 118 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. വൈദ്യുത മോട്ടോര്‍ 13ബിഎച്ച്പി കരുത്തും 30 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.