
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്‍റെ സബ് കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രെസയ്ക്ക് പെട്രോൾ വകഭേദം അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ വിറ്റാര ബ്രെസയിൽ 1.4 ലീറ്റർ പെട്രോൾ അല്ലെങ്കിൽ ഒരു ലീറ്റർ ബൂസ്റ്റർജെറ്റ് എൻജിനുകളിലൊന്നാവും ഇടംപിടിക്കുകയെന്നാണ് സൂചന. 1.4 ലീറ്റർ പെട്രോൾ എൻജിന് പരമാവധി 91 ബി എച്ച് പി കരുത്തും 134 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അതേസമയം ഒരു ലീറ്റർ ബൂസ്റ്റർജെറ്റ് എൻജിൻ സൃഷ്ടിക്കുക 99 ബി എച്ച് പി വരെ കരുത്തും 150 എൻ എം ടോർക്കുമാണ്. ഇരു എൻജിനുകൾക്കുമൊപ്പം അഞ്ചു സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ഗീയർബോക്സുകളാവും ട്രാൻസ്മിഷൻ സാധ്യതകൾ.

2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി ഡീസല്‍ വിറ്റാര ബ്രേസയെ വിപണിയിലെത്തിക്കുന്നത്. അന്നുമുതല്‍ ജനപ്രിയ വാഹനമായി മാറാന്‍ വിറ്റാരെക്ക് കഴിഞ്ഞു. നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രേസ. അരങ്ങേറ്റം കുറിക്കുമ്പോൾ 1.3 ലീറ്റർ ഡീസൽ എൻജിനോടെ മാത്രമാണു വിറ്റാര ബ്രെസ വിൽപ്പനയ്ക്കെത്തിയത്. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനായിരുന്നു ഈ എൻജിനു കൂട്ട്. വാഹനത്തിലെ 1.3 ലീറ്റര്‍ ഡി ഡി ഐ എസ് ഡീസല്‍ എന്‍ജിനു പരമാവധി 89 ബി എച്ച് പി കരുത്തും 200 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. വലിപ്പമേറിയ എയർ ഇൻടേക് സഹിതമുള്ള ബംപറിൽ എൽ ഇ ഡി ഗൈഡ് ലൈറ്റും ഫോഗ് ലാംപുകളും വാഹനത്തെ വ്യത്യസ്തമാക്കി.

ബ്ലാക്ക് അണ്ടർ ബോഡി പ്ലാസ്റ്റിക് ക്ലാഡിങ്ങും ഫ്ളോട്ടിങ് റൂഫ് ഡിസൈനൊപ്പം 16 ഇഞ്ച് അലോയ് വീലും വിറ്റാരെ ബ്രെസയിലുണ്ട്. റാപ് എറൗണ്ട് ടെയിൽ ലാംപ്, ടെയിൽ ഗേറ്റിലെ ക്രോം യൂണിറ്റ് തുടങ്ങിയവയാണ് മുഖ്യ ആകർഷണങ്ങൾ. പൗരുഷം തുളുമ്പുന്ന രൂപവും വിറ്റാര ബ്രേസയെ വിപണിക്കു ജനപ്രിയമാക്കി.
ഡീസൽ പതിപ്പിലുള്ള മിക്ക സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ പെട്രോൾ എൻജിനുള്ള വിറ്റാര ബ്രെസയിലും മാരുതി സുസുക്കി നിലനിർത്തുമെന്നാണ് സൂചന. എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ് സഹിതമുള്ള പ്രൊജക്ടർ ഹെഡ്ലാംപ്, ബോഡ് കളർ ബംപർ, ടേൺ ഇൻഡിക്കേറ്റർ സഹിതം ഇലക്ട്രിക് ഫോൾഡിങ് റിയർവ്യൂ മിറർ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ എന്നിവയൊക്കെ പെട്രോൾ ബ്രെസയിലുമുണ്ടാവും.

അതുപോലെ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ സഹിതം സ്മാർട് പ്ലേ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, പുഷ് ബട്ടൻ സ്റ്റാർട്, റിവേഴ്സ് പാർക്കിങ് കാമറ, കീരഹിത എൻട്രി, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച കൺട്രോൾ, ഇ ബി ഡി സഹിതം എ ബി എസ്, ഇരട്ട എയർബാഗ് തുടങ്ങിയവയൊക്കെ പുതിയ മോഡലിലുമുണ്ടാവും.
മിക്കവാറും ഉത്സവ സീസണില്‍ പെട്രോൾ വിറ്റാര ബ്രെസ വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന. ഡീസൽ മോഡലിനെ അപേക്ഷിച്ചു വില കുറവാകുമെന്നതാണു പുതിയ വാഹനത്തിന്‍റെ പ്രധാന ആകർഷണം; 8 ലക്ഷം മുതല്‍ 11 ലക്ഷം വരെയാണ് ഡീസല്‍ വാഹനത്തിന്‍റെ വില. മിക്കവാറും ഏഴു ലക്ഷം രൂപയോടടുത്താണു പെട്രോൾ വിറ്റാര ബ്രെസയ്ക്കു പ്രതീക്ഷിക്കുന്ന വില.

