പുതുവര്‍ഷത്തില്‍ വാഹനം വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് തുടര്‍ച്ചയായി ഇരുട്ടടിയാണ് വാഹന നിര്‍മ്മാതാക്കള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഉൽപ്പാദന ചെലവ് ഉയർന്ന സാഹചര്യത്തിൽ 2018 ജനുവരി മുതൽ വില കൂട്ടുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും പ്രഖ്യാപിച്ചു. നിലവിലെ വിലയില്‍ രണ്ടു ശതമാനം വരെയാണ് വര്‍ദ്ധിപ്പിക്കുക. 2.45 ലക്ഷം രൂപ മുതൽ 11.29 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ നിറഞ്ഞതാണ് മാരുതിയുടെ ഇന്തയിലെ ശ്രേണി. ഹാച്ച്ബാക്കായ ഓൾട്ടോ 800ൽ ആരംഭിച്ച് ക്രോസോവറായ എസ് ക്രോസ് വരെയുള്ള മോഡലുകളാണ് ഈ നിരയിലുള്ളത്.
ഉൽപന്ന വില ക്രമമായി ഉയർന്നതു മൂലമുണ്ടായ അധിക ബാധ്യതയാണ് വിലവര്‍ദ്ധനക്കുള്ള കാരണമായി പറയുന്നത്. പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കുമെന്നു മിക്ക നിർമാതാക്കളും ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇസുസുവിനും സ്കോഡക്കും ഹോണ്ടയ്ക്കും പിന്നാലെ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടോയോട്ടയും വിലവര്‍ദ്ധിപ്പിക്കുകയാണെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി. 2018 ജനുവരി 1 മുതല്‍ വാഹനങ്ങളുടെ വിലയില്‍ മൂന്നു ശതമാനം വര്‍ദ്ധനവുണ്ടാകുമെന്ന് ടോയോട്ട കിര്‍ലോസ്കര്‍ മോട്ടഴ്സ് (ടികെഎം) അധികൃതര്‍ വ്യക്തമാക്കി.
ഉല്‍പ്പാദന ചിലവുകള്‍ കൂടിയതു മൂലമുള്ള സാധാരണ വിലവര്‍ദ്ധനവാണിതെന്നാണ് അധികൃതര്‍ പറയുന്നത്. 5.2 ലക്ഷത്തില്‍ തുടങ്ങുന്ന എട്ടിയോസ് ലിവ മുതല്‍ 1.35 കോടിയുടെ ലാന്‍ഡ് ക്രൂയിസര്‍ വരെയുള്ളതാണ് ടോയോട്ടയുടെ ഇന്ത്യയിലെ വാഹനനിര.
ഹോണ്ടയും 2018 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കും. 25,000 രൂപ വരെ വില വര്‍ധിക്കുമെന്നാണ് ഹോണ്ടയുടെ പ്രഖ്യാപനം. ഇസുസുവും സ്‌കോഡയും പുതുവര്‍ഷത്തില്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഒരു ലക്ഷം രൂപ വരെയാണ് ഇസുസു കാറുകളില്‍ വില വര്‍ധിക്കുന്നത്. സ്‍കോഡ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ് വില വര്‍ധിപ്പിക്കുന്നത്.
പുതുവർഷത്തിൽ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുകയാണെന്ന് ഫോഡും പ്രഖ്യാപിച്ചു. ഉൽപ്പാദനചെലവ് ഉയർന്നതു പരിഗണിച്ച് ജനുവരി മുതൽ വാഹനങ്ങളുടെ വിലയിൽ നാലു ശതമാനം വരെ വർധനയാണു വരിക. ജനുവരി മുതൽ ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വിലയിൽ 25,000 രൂപയുടെ വരെ വർദ്ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോസും വ്യക്തമാക്കി.
