യൂട്ടിലിറ്റി വെഹിക്കിൾ സെഗ്‌മെന്റിൽ മാരുതി സുസുക്കിക്ക് മുന്നേറ്റം
2017–2018 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം രാജ്യത്തെ യൂട്ടിലിറ്റി വെഹിക്കിൾ സെഗ്മെന്റിൽ മാരുതി സുസുക്കിക്ക് മുന്നേറ്റം. 2016–17 സാമ്പത്തിക വർഷത്തെക്കാള് 29.6 ശതമാനം വളർച്ച നേടി മാരുതി ഒന്നാമതെത്തി.
ഇതോടെ മഹീന്ദ്ര രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മഹീന്ദ്രയുടെ ഏറ്റവും മോശം പ്രകടനമാണ് ഈ സാമ്പത്തിക വർഷം. ഹ്യുണ്ടേയ് മൂന്നും ടൊയോട്ട നാലും ഹോണ്ട അഞ്ചും സ്ഥാനങ്ങള് കരസ്ഥമാക്കി.
യൂട്ടിലിറ്റി വെഹിക്കിൾ സെഗ്മെന്റിലെ 27.5 ശതമാനം വിപണിയും മാരുതി സുസുക്കിക്ക് ഇപ്പോള് സ്വന്തമാണ്. 2016–17 ൽ 195,741 യൂണിറ്റായിരുന്ന വിൽപ്പന കഴിഞ്ഞ സാമ്പത്തിക വർഷം 253,759 യൂണിറ്റായി ഉയർന്നു. വിറ്റാര ബ്രെസ, എസ്ക്രോ, എർട്ടിഗ എന്നിവയുടെ ചുമലിലേന്തിയാണ് മാരുതിയുടെ നേട്ടം. കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റാര ബ്രെസയുടെ വിൽപ്പന 36.7 ശതമാനവും എസ്ക്രോസിന്റേത് 44.4 ശതമാനവും എർട്ടിഗയുടേത് 4.1 ശതമാനവും ഉയർന്നു എന്ന് മാരുതി വ്യക്തമാക്കി.
2012 മുതൽ 2015 വരെ സെഗ്മെന്റിൽ മൂന്നാം സ്ഥാനത്ത് മാത്രമായിരുന്ന മാരുതി 2015–16 ലും 2016–17 ലും രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
