ഹാച്ച്ബാക്കുകള്‍ക്ക് ഉപയോഗിക്കുന്ന ഹാര്‍ട്ട്ടെക്ട് എന്ന പുത്തന്‍ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന മൂന്നാം തലമുറ ഡിസയറിന് വലുപ്പമേറിയ ഫ്രണ്ട് ഗ്രില്‍, പ്രോജക്ടര്‍ ഹെഡ്‌ലാമ്പ്, എന്നിവയാണ് മുന്‍ഭാഗത്തെ പ്രധാന മാറ്റങ്ങള്‍. ഉള്ളില്‍ പുതിയ സ്റ്റിയറിങ് വീല്‍, സെന്റര്‍ കണ്‍സോള്‍, മീറ്റര്‍ കണ്‍സോള്‍ എന്നിവയുണ്ടാകും. ഒപ്പം കൂടുതല്‍ സ്‌പെയ്‌സും പുതിയ ഡിസയറിന്റെ പ്രത്യേകതയായിരിക്കും. പിന്നിലെ ബംബറിനും ടെയില്‍ ലാമ്പിനും മാറ്റങ്ങളുണ്ട്. ഡേ ടൈം റണ്ണിങ് ലാംപുകളോടുകൂടിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‍ലാംപുകള്‍ ഓട്ടോമാറ്റിക്കാണ്.

എന്‍ജിന്‍ കംപാര്‍ട്ട്മെന്റിന്റെ നീളം കുറച്ചിരിക്കുന്നു. ഇതുമൂലം ഇന്റീരിയറിനും ബൂട്ടിനും കൂടുതല്‍ സൗകര്യം ലഭിച്ചിരിക്കുന്നു. ബൂട്ട് സ്പേസ് 60 ലീറ്റര്‍ വര്‍ദ്ധിപ്പിച്ച് 376 ലീറ്ററായി. 15 ഇഞ്ച് ടൂ ടോണ്‍ അലോയ് വീലുകള്‍ വാഹനത്തെ വേറിട്ടതാക്കുന്നു. എന്നാല്‍ സെഡ് , സെഡ് പ്ലസ് എന്നീ ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍.

നീളം 3995 മിമീതന്നെയാണ്. പക്ഷേ വീല്‍ബേസ് 20 മിമീ കൂട്ടി. ഇതോടെ മുന്‍സീറ്റിനും പിന്‍സീറ്റിനും അധിക ലെഗ്‍റൂം ലഭ്യമായിട്ടുണ്ട്. വീതി 40 മിമീ വര്‍ധിപ്പിച്ച് 1735 മിമീറ്റാറക്കി ഉയര്‍ത്തി. എന്നാല്‍ ഉയരം 40 മിമീ കുറച്ചു. 1515 മിമീ. ക്രോം ലൈനിങ്ങുള്ള തള്ളിനില്‍ക്കുന്ന ഗ്രില്ലാണ് പ്രത്യേകത.

എക്‌സ്സൈസ് തീരുവ ഇളവ് ലഭിക്കുന്നതിനായിട്ടാണ് വാഹനത്തിന്റെ നീളം നാലുമീറ്ററില്‍ തന്നെ ഒതുക്കുന്നത്. എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.2 ലീറ്റര്‍ , 88 ബിഎച്ച്പി , കെ സീരീസ് പെട്രോള്‍ , 1.3 ലീറ്റര്‍ , 75 ബിഎച്ച്പി, ഡിഡിഐഎസ് ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങള്‍ വാഹനത്തിനു കരുത്തുപകരുന്നു. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സാണ്. പഴയ ഡിസയറിന് ഡീസല്‍ വകഭേദത്തിനു മാത്രമായിരുന്നു എഎംടി എങ്കില്‍ പുതിയ മോഡലിന് പെട്രോള്‍ വകഭേദത്തിലും എംഎംടി ലഭിക്കും. വിലയിലു കാര്യമായ വ്യത്യാസം ഉണ്ടാകാന്‍ ഇടയില്ലെന്നാണ് സൂചന. 5.50 ലക്ഷം രൂപ മുതല്‍ 10.80 ലക്ഷം രൂപ വരെയായിരിക്കും വില.

കരുത്തന്‍ ബോഡിയും എബിഎസ് - ഇബിഡിയും എയര്‍ബാഗുകളും ചൈല്‍ഡ് സീറ്റ് ഉറപ്പിക്കാനുള്ള സംവിധാനവും പുത്തന്‍ ഡിസയറിനെ കൂടുതല്‍ സുരക്ഷിതമാക്കുന്നു. എന്‍ട്രി ലെവല്‍ സെഡാന്‍ ശ്രേണിയില്‍ ടിഗോറിനും ആസ്‌പൈറിനും ഹോണ്ട അമെയ്‌സിനും ഹ്യുണ്ടായ് എക്‌സെന്ററിനുമൊക്കെ ഭീഷണിയായിട്ടാണ് ഡിസയറെത്തുന്നത്.

2004ല്‍ ആദ്യം പുറത്തിറങ്ങിയ സ്വിഫ്റ്റിനെ പരിഷ്കരിച്ച് 2008 ലാണ് ഡിസൈര്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. പിന്നീട് സബ് ഫോര്‍ മീറ്റര്‍ സെഡാന്‍ മെയ്ക്ക് ഓവറുമായി 2012 ലാണ് ഡിസയര്‍ ഇന്ത്യന്‍ വിപണിയും നിരത്തും കീഴടക്കി തുടങ്ങുന്നത്. ഡിസൈറിന്റെ 13 ലക്ഷത്തിലേറെ യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്.