മാരുതി സ്വിഫ്റ്റ് രണ്ടുമാസം കൊണ്ടു ഒരു ലക്ഷത്തിനടുത്ത് ബുക്കിംങ്ങ്

ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിപണിയിലെത്തിയ പുത്തന്‍ മാരുതി സ്വിഫ്റ്റ് ബുക്കിലും വാഹനവിപണിയെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. വാഹനത്തിനു രണ്ടുമാസം കൊണ്ടു ഒരു ലക്ഷത്തിനടുത്ത് ബുക്കിങ്ങാണ് ലഭിച്ചത്. രാജ്യത്താകെ ലഭിച്ച മൊത്തം ബുക്കിങ് കഴിഞ്ഞ ആഴ്ച അവസാനിക്കുമ്പോള്‍ 90,000 യൂണിറ്റുകള്‍ കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരയില്‍ നടന്ന ദില്ലി ഓട്ടോ ഷോയിലാണ് സ്വിഫ്റ്റ് അവതരിക്കുന്നത്. ആദ്യ മാസം തന്നെ 17,291 യൂണിറ്റുകളുടെ വില്‍പന നേടി സ്വിഫ്റ്റ് വിപണിയെ അമ്പരപ്പിക്കുന്നു. ബി സെഗ്മന്റ് ഹാച്ച്ബാക്ക് വിഭാഗത്തില്‍ പ്രീമിയം ബലെനോയെ പിന്തള്ളി സ്വിഫ്റ്റ് മുന്നിലെത്തിയത് അടുത്തിടെയാണ്. ഈ ബുക്കിങുകളിലൂടെ ശരാശരി ഒരുദിവസം കമ്പനിയ്ക്കുലഭിക്കുക 100 കോടി രൂപയോളമാണ്. 60-65 ദിവസം കൊണ്ട് 100 കോടിയോളം ഡോളറിന്റെ കച്ചവടം മാരുതിക്കു ലഭിക്കും.

മറ്റ് പല ജനപ്രിയ മോഡലുകള്‍ക്കും ഇതിലേറെ സമയമെടുത്താണ് ഒരു ലക്ഷം ബുക്കിങ് തികച്ചതെന്നതാണ് സ്വിഫ്റ്റിന്‍റെ നേട്ടം വേറിട്ടതാക്കുന്നത്. റെനോ ക്വിഡ് ആറുമാസവും ഹ്യൂണ്ടായി ക്രേറ്റ എട്ടുമാസവും ഡിസയറും ബ്രസ്സയുമൊക്കെ നാലുമാസവുമെടുത്ത് ഒരുലക്ഷം ബുക്കിങ് സ്വന്തമാക്കിയപ്പോഴാണ് സ്വിഫ്റ്റിന്‍റെ ഈ മിന്നും നേട്ടം.

ഗുജറാത്തിലെ ഹന്‍സാല്‍പുര്‍ പ്ലാന്‍റില്‍ നിന്നുമാണ് മാരുതി സ്വിഫ്റ്റുകളുടെ ഉല്‍പ്പാദനം. നിലവിലെ മോഡലിനേക്കാൾ ഇന്ധനക്ഷമതയുള്ള പുതിയ ഡീസൽ മോഡലിന് 28.4 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. പെട്രോൾ മോഡലിൽ 22 കിലോമീറ്റർ മൈലേജും ലഭിക്കും. നിലവിലെ മോ‍ഡലിനേക്കാൾ 7 ശതമാനം ഇന്ധനക്ഷമത വർദ്ധിച്ചിരിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പെട്രോൾ 4.99 ലക്ഷം മുതൽ 7.29 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 5.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെയുമാണ് വില.

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് 2005 ലാണ് വിപണിയിലെത്തുന്നത്. പത്തുവർഷം കൊണ്ട് ഏകദേശം 13 ലക്ഷം സ്വിഫ്റ്റുകൾ മാരുതി വിറ്റിട്ടുണ്ട്.