Asianet News MalayalamAsianet News Malayalam

2019ലെ മികച്ച കാര്‍ മാരുതി സ്വിഫ്റ്റ്

ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ 2019 പുരസ്‌കാരം സ്വന്തമാക്കി മാരുതി സുസുക്കി സ്വിഫ്റ്റ്. ഈ വര്‍ഷം ഇന്ത്യയില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച കാറിനുള്ള പുരസ്കാരമാണിത്. 

Maruti Swift Wins The Indian Car Of The Year 2019
Author
Mumbai, First Published Dec 25, 2018, 3:56 PM IST

ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ 2019 പുരസ്‌കാരം സ്വന്തമാക്കി മാരുതി സുസുക്കി സ്വിഫ്റ്റ്. ഈ വര്‍ഷം ഇന്ത്യയില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച കാറിനുള്ള പുരസ്കാരമാണിത്. പുത്തന്‍ ഹ്യുണ്ടായ് സാന്‍ട്രോ, മാരുതി എര്‍ട്ടിഗ, ഹോണ്ട അമേസ്, ടൊയോട്ട യാരിസ്, മഹീന്ദ്ര മരാസോ, മഹീന്ദ്ര ആള്‍ടൂറാസ്, ഹോണ്ട സിആര്‍വി എന്നീ കാറുകളോട് മത്സരിച്ചാണ് സ്വിഫ്റ്റ് ഒന്നാം ഒന്നാമതെത്തിയത്.  പതിനെട്ട് ഓട്ടോമോട്ടീവ് ജോണലിസ്റ്റുകള്‍ ചേര്‍ന്നാണ് പതിനാലാമത് എഡിഷന്‍ ICOTY വിജയിയെ തിരഞ്ഞെടുത്തത്.  ആഴ്ചകള്‍ക്ക് മുമ്പ് ഹ്യുണ്ടായ് അവതരിപ്പിച്ച സാന്‍ട്രോയാണ് രണ്ടാം സ്ഥാനത്ത്. ഹോണ്ട അമേസ് മൂന്നാം സ്ഥാനത്തും. ഈ വര്‍ഷത്തെ മികച്ച ആഡംബര കാറിനുള്ള പ്രീമിയം കാര്‍ ഓഫ് ദി ഇയര്‍ അവര്‍ഡ് വോള്‍വോയുടെ XC40 മോഡലിനാണ്. 

മൂന്നാംതലമുറ സ്വിഫ്റ്റാണ് ഇപ്പോള്‍ നിരത്തിലുള്ളത്. നേരത്തെ 2006-ല്‍ ഒന്നാംതലമുറ മോഡലിനും 2012-ല്‍ രണ്ടാംതലമുറ സ്വിഫ്റ്റിനും മികച്ച കാറിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലാണ് പുതിയ സ്വിഫ്റ്റിന്റെ ഔപചാരിക അരങ്ങേറ്റം നടന്നത്.  ഡ്രൈവ് മികവിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകി അ‍ഞ്ചാം തലമുറ ഹെർടെക് പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്‍റെ നിർമാണം. സുരക്ഷയ്ക്കായി എബിഎസ് എയർബാഗുകൾ‌ അടിസ്ഥാന വകഭേദം മുതൽ നൽകിയിട്ടുണ്ട്. 

ഏറ്റവും വേഗത്തില്‍ ഒരുലക്ഷം ബുക്കിങ് സ്വന്തമാക്കിയ വാഹനം എന്ന റെക്കോഡ് പുതിയ സ്വിഫ്റ്റിനൊപ്പമാണ്. പുറത്തിറങ്ങി 10 ആഴ്ച പിന്നിട്ടപ്പോഴേക്കും ഒരു ലക്ഷം ആളുകള്‍ ഈ വാഹനം ബുക്കുചെയ്തിരുന്നു. ബുക്കിങ് ഉയര്‍ന്നതിനെ തുടര്‍ന്ന് മാര്‍ച്ച്-ഒക്ടോബര്‍ പാദത്തില്‍ സ്വിഫ്റ്റിന്റെ ഉത്പാദനം 45 ശതമാനം ഉയര്‍ത്തിയിരുന്നു. ബുക്ക് ചെയ്തതില്‍ 20 ശതമാനവും എഎംടി വാഹനങ്ങള്‍ക്കായിരുന്നു.

പെട്രോൾ ഡീസൽ പതിപ്പുകളില്‍ 12 മോ‍ഡലുകളുമായാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്.  പഴയതിനെക്കാൾ 40 കെജി ഭാരക്കുറവുണ്ട് പുതിയ സ്വിഫ്റ്റിന്.  40എംഎം വീതിയും 20 എംഎം വീൽബെയ്സും 24 എംഎം ഹെ‍ഡ്റൂമും കൂടും. നിലവിലെ 83 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കുമുള്ള 1.2 ലീറ്റർ പെട്രോൾ എൻജിനും 75 ബിഎച്ച്പി കരുത്തും 190 എൻഎം ടോർക്കുമുള്ള 1.3 ലീറ്റർ ഡീസൽ എൻജിനും തന്നെയാണ് പുതിയ സ്വിഫ്റ്റിനും കരുത്തുപകരുന്നത്. പെട്രോൾ മോഡല്‍ 4.99 ലക്ഷം മുതൽ 7.29 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 5.99  ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെയുമാണ് വില. 

മാര്‍ച്ചില്‍ യൂറോപ്യന്‍ എന്‍സിഎപി(ന്യു കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റില്‍ മൂന്ന് സ്റ്റാര്‍ സുരക്ഷയാണ് സ്വിഫ്റ്റിന് ലഭിച്ചത്. യൂറോപ്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്ന സ്വിഫ്റ്റാണ് അന്ന് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്. ബ്രേക്ക് അസിസ്റ്റ് ഉള്‍പ്പടെയുള്ള സെയ്ഫ്റ്റി പാക്ക് മോഡലിന് നാല് സ്റ്റാറും ലഭിച്ചു. മുന്‍ സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് 83 ശതമാനം സുരക്ഷയും പിന്നില്‍ ഇരിക്കുന്ന കുട്ടികള്‍ക്ക് 75 ശതമാനം സുരക്ഷയും നല്‍കുന്നു. നാലു സ്റ്റാര്‍ ലഭിച്ച സെയ്ഫ്റ്റി പായ്‌ക്കോടുകൂടിയ സ്വിഫ്റ്റ് മുതിര്‍ന്നവര്‍ക്ക് 88 ശതമാനം കുട്ടികള്‍ക്ക് 75 ശതമാനം സുരക്ഷയുമാണ് നല്‍കുന്നത്.  എന്നാല്‍ ഒക്ടോബറില്‍ ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ രണ്ടു സ്റ്റാറാണ് ലഭിച്ചത്. രണ്ട് എയർബാഗുകൾ ഉള്ള 2018 മോ‍ഡൽ സ്വിഫ്റ്റാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്.  64 കിലോമീറ്റർ വേഗത്തിൽ നടത്തിയ ക്രാഷ് സീറ്റിലെ മുതിർന്നവർക്കും കുട്ടികൾക്കും 2 സ്റ്റാർ സുരക്ഷ മാരുതി സുസുക്കി നൽകും.

Follow Us:
Download App:
  • android
  • ios