മാരുതി സുസുക്കി ഇന്ത്യയുടെ കോംപാക്ട് എസ് യു വി വിറ്റാര ബ്രെസയുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന ഒന്നര ലക്ഷം യൂണിറ്റ് പിന്നിട്ടു. വിപണിയിലെത്തി കേവലം 17 മാസം കൊണ്ടാണ് ഈ നേട്ടം. ഇന്ത്യന്‍ വാഹന വ്യവസായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴി തെളിച്ച വിറ്റാര ബ്രെസ, മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ പിന്തള്ളി യൂട്ടിലിറ്റി വാഹന വിഭാഗത്തിലെ നേതൃസ്ഥാനവും മാരുതി സുസുക്കിക്കു നേടിക്കൊടുത്തു.

കഴിഞ്ഞ ജൂൺ അവസാനം വരെ 1,45,524 ‘വിറ്റാര ബ്രെസ’യാണു മാരുതി സുസുക്കി വിറ്റത്; ഒന്നര ലക്ഷത്തിലെത്താൻ വെറും 4,476 യൂണിറ്റിന്റെ കുറവ്. കഴിഞ്ഞ ജനുവരി — ജൂൺ കാലത്ത് പ്രതിമാസം ശരാശരി 10,059 യൂണിറ്റ് വിൽപ്പനയാണു ‘വിറ്റാര ബ്രെസ’ കൈവരിച്ചു പോരുന്നത്. അതുകൊണ്ടുതന്നെ ജൂലൈ അവസാന വാരമെത്തുമ്പോൾ ‘വിറ്റാര ബ്രെസ’ വിൽപ്പന 1.55 ലക്ഷം യൂണിറ്റെങ്കിലുമായി ഉയർന്നിട്ടുണ്ടാവും.

2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രേസയെ വിപണിയിലെത്തിക്കുന്നത്. അന്നുമുതല്‍ ജനപ്രിയ വാഹനാമായി മാറാന്‍ വിറ്റാരെക്ക് കഴിഞ്ഞു. നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലാണു വിറ്റാര ബ്രേസ.

കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും മാരുതിയുടെ ഈ കോംപാക്ട് എസ്.യു.വി സ്വന്തമാക്കിയിരുന്നു. വിപണിയില്‍ ശക്തമായ മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ പുതുമോടിയിലെത്തി വമ്പന്‍ വിജയം നേടാന്‍ ബ്രെസയെ സഹായിച്ചതില്‍ പ്രധാനി വാഹനത്തിന്റെ ബോക്‌സി രൂപത്തിലുള്ള എക്സ്റ്റീരിയര്‍ ലുക്കാണ്. ഇതിനൊപ്പം ഡബിള്‍ ടോണ്‍ നിറവും കൂടുതല്‍ വിപണനത്തിനു സഹായകമായി.

1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ DDiS എഞ്ചിന്‍ 90 പിഎസ് കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. എര്‍ടിഗ, സിയാസ്, എസ്‌ക്രോസ് മോഡലുകളില്‍ ഉപയോഗിച്ച അതെ എഞ്ചിനാണ് ബ്രെസയിലും കമ്പനി പരീക്ഷിച്ചത്. നൂറ് കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ ഇതിനു വെറും 13.3 സെക്കന്റുമതി. മികച്ച ക്യാബിന്‍ സ്‌പേസ്, മാരുതി ബ്രാന്‍ഡില്‍ സാമാന്യം ഭേദപ്പെട്ട സേഫ്റ്റി ഫീച്ചേഴ്‌സ്, ഇന്ധനക്ഷമത എന്നിവയാണ് ബ്രെസ കോംപാക്ട് എസ്.യു.വി വിപണിയില്‍ മുന്‍പന്തിയിലെത്തിച്ചത്.

ദിവസം തോറും വര്‍ധിച്ചു വരുന്ന ബുക്കിങ് കാരണം ഏഴു മാസമാണ് ബ്രെസയുടെ വെയ്റ്റിങ് പിരീഡ്. എസ്.യു.വി ശ്രേണിയില്‍ ഫോര്‍ഡ് എക്കോ സ്‌പോര്‍ട്, റെനോ ഡസ്റ്റര്‍, മഹ്യുണ്ടായ് ക്രേറ്റ എന്നീ മോഡലുകളില്‍ നിന്നും കടുത്ത മത്സരം നേരിട്ടാണ് ബ്രെസയുടെ കുതിപ്പ്. ഡീസല്‍ പതിപ്പില്‍ മാത്രമാണ് ബ്രെസ ഇന്ത്യയില്‍ പുറത്തിറങ്ങുന്നത്. പെട്രോള്‍ പതിപ്പ് എത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതോടെ വില്‍പ്പന കൂടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.