ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ലെഡ് ബാറ്ററികളാണ് ഇതില്‍ ഉപയോഗിക്കുന്നത്.

ദില്ലി: കാറുകളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ലെഡ് ബാറ്ററികള്‍ മാറ്റി പകരം കൂടുതല്‍ ഈടുനില്‍ക്കുന്ന ലിഥിയം അയോണ്‍ ബാറ്ററികള്‍ ഘടിപ്പിക്കാന്‍ മാരുതിയുടെ തീരുമാനം. ഗുജറാത്തില്‍ ആരംഭിക്കാനിരിക്കുന്ന സുസുക്കിയുടെ സ്വന്തം പ്ലാന്റില്‍ ഇതിനായി ബാറ്ററികള്‍ നിര്‍മ്മിക്കും. 2021 മുതല്‍ പുറത്തിറങ്ങന്ന കാറുകളിലായിരിക്കും മാരുതിയുടെ പുതിയ ബാറ്ററി പരിഷ്കാരം.

സ്വിഫ്റ്റ് മുതല്‍ മുകളിലേക്കുള്ള വാഹനങ്ങളിലൊക്കെ ലെഡ് ബാറ്ററികള്‍ അവസാനിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇത്തരത്തില്‍ ചെറിയ കാറുകളില്‍ പോലും ലിഥിയം ബാറ്ററികള്‍ ഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ വാഹന നിര്‍മ്മാതാക്കളാവും മാരുതി. കാറുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനൊപ്പം തങ്ങളുടെ ബാറ്ററി പ്ലാന്റിനെ ലാഭത്തിലാക്കാനുള്ള വഴി കൂടി ആയാണ് ഇതിനെ കമ്പനി കണക്കാക്കുന്നത്. നിലവില്‍ മാരുതി ഉല്‍പ്പാദിപ്പിക്കുന്ന ആകെ കാറുകളില്‍ പകുതിയോളം ഇന്ത്യയിലാണ് വിറ്റഴിക്കുന്നത്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മറ്റ് കമ്പനികളുടെ ബാറ്ററികളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇതിന് പകരം പകുതി കാറുകളിലെങ്കിലും സ്വന്തം കമ്പനിയുടെ ബാറ്ററി ഘടിപ്പിക്കാനായാല്‍ അത് മികച്ച നേട്ടമുണ്ടാക്കുമെന്ന് മാരുതി കണക്കുകൂട്ടുന്നു. ഇപ്പോള്‍ ഉപയോഗിക്കുന്ന ലെഡ് ബാറ്ററികളിലെ പ്രധാന ഘടകമായ ലെഡിന് വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്.

തോഷിബ, ഡെന്‍സോ എന്നിവയുമായി സഹകരിച്ചാണ് ഗുജറാത്തില്‍ ബാറ്ററി പ്ലാന്റ് തുടങ്ങുന്നത്. 2020ല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കും. മറ്റ് ബാറ്ററികളെ അപേക്ഷിച്ച് അഞ്ചിരട്ടിയോളം ഈടുനില്‍ക്കുമെന്നതാണ് പ്രധാന സംവിശേഷത. പരിസ്ഥിതിയ്ക്കുണ്ടാരുന്ന ആഘാതം പരിഗണിച്ച് ലെഡ് ബാറ്ററികളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാറും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ടൊയോട്ടയ്ക്കും ഇങ്ങനെ ബാറ്ററി നല്‍കാന്‍ മാരുതി ധാരണയിലെത്തിയെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇവയൊന്നും കമ്പനി ഔദ്ദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.