രാജ്യത്തിന്‍റെ ജനപ്രിയ വാഹന ബ്രാന്‍റ് മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്​ട്രിക്​ കാർ 2020ൽ പുറത്തിറങ്ങുമെന്ന്​ റിപ്പോർട്ട്​. കഴിഞ്ഞമാസം ഇലക്​ട്രിക്​ കാർ പുറത്തിറക്കുന്നത്​ സംബന്ധിച്ച്​ സുസുക്കിയും ടോയോട്ടയും ധാരണയിലെത്തിയിരുന്നു. ഇരുവരും ചേർന്ന്​ പുറത്തിറക്കുന്ന ഇലക്​ട്രിക്​ കാറുകൾ മാരുതിയുടെ ഡീലർഷിപ്പുകൾ വഴി വിറ്റഴിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2030ൽ പൂർണമായും ഇലക്​ട്രിക്​ വാഹനങ്ങളിലേക്ക്​ മാറാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​. സുസുക്കിയും ടോയോട്ടയും ചേർന്നുള്ള കൂട്ടുകെട്ട്​ മാരുതിക്ക്​ ഗുണമാവുമെന്നാണ്​ പ്രതീക്ഷയെന്ന്​ കമ്പനി ചെയർമാൻ ആർ.സി ഭാർഗവ പറഞ്ഞു. രണ്ട്​ കമ്പനികൾക്കും ഇലക്​ട്രിക്​ വാഹനങ്ങൾ നിർമിക്കാനുള്ള സാ​ങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്​. എന്നാൽ, മാരുതി ഇതിൽ കാര്യമായി മുന്നോട്ട്​ പോയിട്ടില്ല. ഇത്​ ഇലക്​ട്രിക്​ വാഹനങ്ങൾ എന്ന ലക്ഷ്യം മുന്നിൽ കാണുന്ന ഇന്ത്യൻ വാഹനവിപണിക്ക്​ തിരിച്ചടിയാവും. തിരിച്ചടി മറികടക്കാൻ സുസുക്കിയും ടോയോ​േട്ടായും തമ്മിലുള്ള കൂട്ടുകെട്ട്​ മാരുതിയെ സഹായിക്കു​മെന്നാണ്​ പ്രതീക്ഷയെന്നും ഭാര്‍ഗവ പറഞ്ഞു.

2030 ഓടെ സമ്പൂര്‍ണ ഇലക്ട്രിക് വാഹനങ്ങള്‍ എന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം. വർധിച്ചു വരുന്ന മലിനീകരണം മുന്നിൽകണ്ട്​ ഇലക്​ട്രിക്​ വിപണിയിലേക്ക്​ ചുവടുവെക്കാനാണ്​ കേന്ദ്രം ലക്ഷ്യമിടുന്നത്​. ഇതനുസരിച്ചുള്ള നീക്കങ്ങളിലാണ് ഭൂരിപക്ഷം വാഹന ഉടമകളും.