ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ S A I C (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) ഇന്ത്യയില്‍ ആദ്യ നിര്‍മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രമാണ് കമ്പനി ഏറ്റെടുത്തത്. 170 ഏക്കര്‍ പ്രദേശത്ത് വ്യപിച്ചുകിടക്കുന്നതാണ് കേന്ദ്രം.
രൂപകൽപനയിലും സാങ്കേതികതയിലും ഒപ്പം വിലയിലും എതിരാളികൾക്ക് പേടി സ്വപ്നമാകും എം ജിയുടെ മോഡലുകളെന്നാണ് വാഹനലോകത്തെ പ്രതീക്ഷകള്‍. രൂപകൽപന ബ്രിട്ടനിലും ഉത്പാദനം പൂർണമായി ഇന്ത്യയിലുമായിട്ടാണ് എംജി മോട്ടോഴ്സ് പ്രവർത്തനം ആരംഭിക്കുന്നത്.
MG5, MG3, GS എന്നീ മോഡലുകളാണ് ആദ്യഘട്ടത്തില്‍ ഇങ്ങോട്ടെത്തുക. മെയ്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ വാഹനങ്ങളിലൊന്നായിരിക്കും എംജി 3. ഹാച്ച്ബാക്ക് സെഗ്മെന്റിൽ മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടേയ് ഐ 20, ഹോണ്ട ജാസ് തുടങ്ങിയ വാഹനങ്ങൾക്ക് ബദലായിട്ടായിരിക്കും എംജി 3 എത്തുന്നത്. 2011 ൽ പുറത്തിറങ്ങിയ എംജി3 നിലവിൽ ബ്രിട്ടനിലെ ജനപ്രിയ കാറുകളിലൊന്നാണ്. എംജി 3യുടെ വില 8,695 യൂറോയിലാണ് (ഏകദേശം 6.5 ലക്ഷം രൂപ) ആരംഭിക്കുന്നത്. ഇന്ത്യയില്‍ നിർമിക്കുന്ന കാറിന് വില അതിലും കുറവായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
കോംപാക്ട് ഹാച്ച് ബാക്ക് എം ജി 3 എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളിയാകാനിടയുണ്ട്. മനോഹരമായ രൂപവും വേണ്ടത്ര സൗകര്യങ്ങളുമുള്ള, എം ജി പാരമ്പര്യം നിലനിർത്തുന്ന കാറിന് 5 സ്പീഡ് ഓട്ടോമാറ്റിക് ഗീയറും 106 ബി എച്ച് പി ശക്തിയുമുണ്ട്. ബ്രിട്ടനിൽ പെട്രോൾ എൻജിൻ മാത്രമേ കാറിനുള്ളൂവെങ്കിലും ഇന്ത്യയിലെത്തുമ്പോൾ ഡീസൽ എൻജിനുമുണ്ടാകും.
ഏകദേശം 2000 കോടി രൂപയുടെ നിക്ഷേപം എംജിയുടെ വരവോടെ രാജ്യത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തോളം പേര്‍ക്ക് ഹലോല്‍ പ്ലാന്റില്‍ ജോലി നല്‍കുമെന്നും ധാരാണപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 2019-മുതല്‍ വര്‍ഷംതോറും 50,000-70,000 യൂണിറ്റുകള്‍ ഈ പ്ലാന്റില്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.പെട്രോള്‍-ഡീസല്‍ കാറുകളുടെ അതിപ്രസരമുള്ള ഇന്ത്യന്‍ നിരത്തില്‍ ഇലക്ട്രിക് കാറുകളില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധ്യതയുണ്ട്.
ജനറല്‍ മോട്ടോഴ്സിന്റെ തലപ്പത്തുണ്ടായിരുന്ന രാജീവ് ചാബയാണ് SAIC-യുടെ പ്രസിഡന്റ് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍. മേക്ക് ഇന്‍ ഇന്ത്യയുടെ ചുവടുപിടിച്ച് കൊറിയന്‍ നിര്‍മാതാക്കളായ കിയ മോട്ടോഴ്സ് കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയിരുന്നു. മഹാരാഷ്ട്രയിലാണ് കിയ മോട്ടോഴ്സ് നിര്‍മാണ കേന്ദ്രങ്ങള്‍ക്കുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പിഎസ്എ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള പ്യൂഷെയും ഇന്ത്യയിലേക്ക് ഉടന്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
